ros
റോഡ് ടാർ ചെയ്തിരിക്കുന്ന നിരപ്പിൽ നിന്ന് വശങ്ങൾ താഴ്ന്ന് കിടക്കുന്ന കോട്ടവീട്ടിൽമുക്ക് - എസ്.എൻ.വി.എൽ.പി.എസ് റോഡ്

തൊടിയൂർ: രണ്ടുവർഷം മുമ്പ് ടാറിംഗ് നടത്തിയ തൊടിയൂർ പഞ്ചായത്തിലെ കോട്ടവീട്ടിൽമുക്ക് - എസ്.എൻ.വി.എൽ.പി.എസ് ജംഗ്ഷൻ റോഡിന്റെ വശങ്ങൾ നിരപ്പാക്കി അപകടങ്ങൾ ഒഴിവാക്കണമെന്ന യാത്രക്കാരുടെ ആവശ്യം ശക്തമാകുന്നു. എസ്.എൻ ടി.ടി.ഐയുടെ മുൻവശം മുതൽ പടിഞ്ഞാറോട്ട് അരക്കിലോമീറ്ററിൽ അധികം വരുന്ന റോഡിന്റെ വശങ്ങൾ ടാർ നിരപ്പിൽ നിന്ന് ഏറെ താഴ്ന്നു നിൽക്കുകയാണ്. ഇരുവശങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ കടന്നു പോകണമെങ്കിൽ താഴ്ന്ന ഭാഗത്തേക്ക് വാഹനം ഇറക്കേണ്ട അവസ്ഥയാണെന്ന് വാഹനയാത്രികർ പറയുന്നു. റോഡ് വളരെ ഉയർന്ന് നിൽക്കുന്നതിനാൽ താഴ്ച്ചയിലേക്കിറക്കിയ വാഹനം വീണ്ടും റോഡിലേയ്ക്ക് കയറ്റാൻ വലിയ പ്രയാസമാണ്.

നാട്ടുകാരുടെ ആവശ്യം

എത്രയുംവേഗം റോഡിന്റെ വശങ്ങൾ നിരപ്പാക്കി അടിക്കടിയുണ്ടാക്കുന്ന അപകടങ്ങൾ ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആറു മീറ്ററിൽ താഴെ വീതിയുള്ളറോഡ് ടാർ ചെയ്യാൻ എസ്റ്റിമേറ്റ് തയാറാക്കുന്നതിന് മുമ്പ് തന്നെ
നിലവിള്ള വീതിയിൽ റോഡ് ടാർ ചെയ്യണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ ബന്ധപ്പെട്ട അധികൃതർ ഇത് അംഗീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്. അന്ന് പൂർണമായ വീതിയിൽ ടാർ ചെയ്തിരുന്നെങ്കിൽ ഇപ്പോൾ വശങ്ങൾ കോൺക്രീറ്റ് ചെയ്യാൻ പണം ചെലവാക്കേണ്ടി വരില്ലായിരുന്നെന്ന് യാത്രക്കാർ പറയുന്നു.

ബൈക്ക് യാത്രികർ സൂക്ഷിക്കണം

എതിർ ദിശയിൽ നിന്ന് തുടർച്ചയായി വാഹനങ്ങൾ വരുമ്പോൾ ഇരുചക്രവാഹനങ്ങൾ നിയന്ത്രണം തെറ്റി റോഡിന്റെ പുറത്തേയ്ക്ക് പോകുന്നതും യാത്രക്കാർക്ക് പരിക്ക് പറ്റുന്നതും സ്ഥിരംസംഭവമാണ്. ഒന്നേകാൽ കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ ബാക്കിഭാഗത്തെ താഴ്ന്ന സ്ഥലങ്ങൾ മൂന്നു മാസം മുമ്പാണ് കോൺക്രീറ്റ് ചെയ്ത് നിരപ്പാക്കിയത്. എന്നാൽ അന്ന് പണി നടത്താതിരുന്ന ഭാഗം ഇപ്പോഴും അതേപടി കിടക്കുകയാണ്.