ഉഷറായി വഴിയോര കച്ചവടവും
കൊല്ലം: വേനൽക്കാല വിപണി കീഴടക്കാൻ കൈതച്ചക്കയും തണ്ണിമത്തനും എത്തിത്തുടങ്ങി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നാണ് ഇവ കൂടുതലായി എത്തുന്നതെങ്കിലും തമിഴ്‌നാട്ടിൽ നിന്നുള്ളവയാണ് ഇപ്പോൾ വിപണിയിലുള്ളത്.
ജില്ലയിലെ വിവിധ കമ്പോളങ്ങൾ കൂടാതെ വഴിയോര കച്ചവടത്തിനും ലോഡുകണക്കിനാണ് ഫലങ്ങളെത്തിയിട്ടുള്ളത്. കഴിഞ്ഞയാഴ്ചയിലെ വിപണി വിലയേക്കാൾ കുറഞ്ഞവിലയ്ക്കാണ് ഇപ്പോൾ കച്ചവടം. ജില്ലയിലെ ദേശീയപാതകളിലും ബൈപ്പാസിലും പ്രധാനപാതകളിലുമെല്ലാം വഴിയോര കച്ചവടം തുടങ്ങി. പ്രാദേശിക വില്പനക്കാരുടെ നേതൃത്വത്തിൽ വാഹനങ്ങളിൽ വീടുകൾ കേന്ദ്രീകരിച്ചുള്ള വിൽപ്പനയുംസജീവമാണ്. ഇവയ്ക്ക് അഞ്ച് മുതൽ പത്തുരൂപ വരെ വില വർദ്ധനവുണ്ട്.
കൈതച്ചക്ക
കന്നാരചക്ക, കന്നാര ചെടി, പുറുത്തി ചക്ക, കടചക്ക തുടങ്ങി വിവിധ പേരുകളിലാണ് കൈതച്ചക്ക അറിയപ്പെടുന്നത്. പശ്ചിമബംഗാൾ, കർണാടക, ബീഹാർ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൂടുതലായും കൃഷി ചെയ്യുന്നത്. സംസ്ഥാന് മുവാറ്റുപുഴ, തൊടുപുഴ എന്നിവിടങ്ങളിൽ കൃഷി ചെയ്ത് കയറ്റുമതി ചെയ്യുന്നുണ്ട്. ദഹനം കൂട്ടുന്നതിനും ചുമയും തൊണ്ടരോഗങ്ങൾക്കും ഫലപ്രദമാണ്.
വില കഴിഞ്ഞയാഴ്ച: 30 - 40 രൂപ
ഇപ്പോൾ: 25 - 30 രൂപ
തണ്ണിമത്തൻ
കാസർകോഡ് ജില്ലയിൽ വ്യാപകമായി കൃഷിചെയ്യുന്നുണ്ടെങ്കിലും ജില്ലയിലെത്തുന്നവയിൽ കൂടുതലും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവയാണ്. മലബാർ മേഖലയിൽ വത്തക്ക എന്നറിയപ്പെടുന്ന ഇവ ചിലയിടങ്ങളിൽ ചെങ്കുമ്മട്ടി, കുമ്മട്ടി എന്നീ പേരുകളിലും അറിയപ്പെടുന്നു. വേനൽകാലത്ത് കൂടുതലായെത്തുന്ന ഇവ ജ്യൂസുകളാക്കി കഴിക്കുന്നത് ക്ഷീണത്തിനും നിർജ്ജലീകരണത്തിനും നല്ലതാണ്.
വില കഴിഞ്ഞയാഴ്ച: 30 രൂപ
ഇപ്പോൾ: 20 - 25 രൂപ