ethan

 പ്രതീക്ഷയോടെ നാടൻ കർഷകർ

കൊല്ലം: മാസങ്ങളായി പ്രതിസന്ധിയിലായിരുന്ന ഏത്തവാഴ കർഷകർക്ക് പ്രതീക്ഷയേറ്റി വില വർദ്ധിച്ച് തുടങ്ങി. നാടൻ ഏത്തക്കായ കിലോയ്ക്ക് 22 രൂപയ്ക്ക് വരെ വിൽക്കേണ്ടിവന്നതിലൂടെ വലിയ നഷ്ടമാണ് കർഷകർ നേരിട്ടത്.

ഇപ്പോൾ 20 രൂപയോളം വില ഉയർന്നതാണ് പ്രതീക്ഷ നൽകുന്നത്. തമിഴ്നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നും വയനാട്, പാലക്കാട് ജില്ലകളിൽ നിന്നും വലിയ തോതിലാണ് ഇക്കുറി ഏത്തക്കായ എത്തിയത്. ഓണം കഴിഞ്ഞതോടെയാണ് ഏത്തക്കായയുടെ വലിയ ഒഴുക്കുണ്ടായത്. നാലും അഞ്ചും കിലോ ഏത്തയ്ക്ക 100 രൂപയ്ക്ക് കിട്ടിയപ്പോൽ ജോലിക്കൂലി പോലും കിട്ടാത്ത സ്ഥിതിയിലായിരുന്നു നാടൻ കർഷകർ.

കൊവിഡ് പശ്ചാത്തലത്തിൽ വീടുകളിൽ വ്യാപകമായി ഏത്തവാഴ കൃഷി ചെയ്തതും ആവശ്യക്കാരെ കുറച്ചതിനൊപ്പം വിലയും കുറച്ചു. പുറത്തുനിന്നുള്ള ഏത്തക്കായയുടെ വരവ് കുറഞ്ഞിട്ടുണ്ട്. നേരത്തെ നാടൻ - വരവ് വ്യാത്യാസത്തിലായിരുന്നു വില്പന. വില കുറഞ്ഞതോടെ നാടൻ വാങ്ങാൻ അളുകൾ വരാതായി. ഇതും നാടൻ കർഷകർക്ക് ഇരുട്ടടിയായിരുന്നു.

 ഏത്തക്കായ വിപണി ഉഷാർ


ഏത്തക്കായ വരവ് കുറയുകയും വേനലാവുകയും ചെയ്തതോടെ വിപണി ഉഷാറായിട്ടുണ്ട്. കടകളിൽ ഏത്തൻ വില 37-40 ലേക്ക് ഉയർന്നു. ഇനി വില താഴാനിടയില്ലെന്നാണ് കർഷകരുടെ പ്രതീക്ഷ. ഉത്സവകാലം കൂടി വരുന്നതിനാൽ വില 60ന് മേൽ പോകുമെന്നാണ് സൂചന. കിലോയ്ക്ക് 45-50 രൂപയെങ്കിലും കിട്ടിയാലേ ജോലിക്കാരെ നിറുത്തി കൃഷിയിറക്കുന്ന കർഷകർക്ക് എന്തെങ്കിലും ലഭിക്കൂ. സർക്കാർ ഏത്തയ്ക്കായ്ക്ക് പ്രഖ്യാപിച്ച താങ്ങുവിലയും കർഷകർക്ക് തങ്ങായിരുന്നില്ല.


 ജില്ലയിലെ ഏത്തവാഴ കൃഷി: 5,500 ഹെക്ടർ

 കർഷകർ: 37,000

 കൃഷി കൂടുതൽ: കൊട്ടാരക്കര, കുന്നത്തൂർ, കരുനാഗപ്പള്ളി, പത്തനാപുരം താലൂക്കുകൾ

 വില കൂപ്പുകുത്തിയത്: ഒക്ടോബർ മുതൽ ജനുവരി വരെ

 വിപണിവില


കഴിഞ്ഞമാസം, 22-34 രൂപ (വരവ്)
നാടൻ: 25-35 രൂപ


 ഇപ്പോൾ: 32 രൂപ (വരവ്)

നാടൻ: 36-40 രൂപ

''

വില വർദ്ധനവ് പ്രതീക്ഷ നൽകുന്നു. കഴിഞ്ഞ കൃഷി നഷ്ടമായിരുന്നു. അടുത്ത ഓണത്തിന് മുൻപ് നഷ്ടം നികത്തണം. ഇക്കുറി മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.

പി.കെ. സുധാകരൻ, കർഷകൻ, വെളിയം