fish

ഓച്ചിറ: ലോക്ഡൗൺ കാലത്ത് തോന്നിയ കൗതുകം നസീറിനെ മത്സ്യ കർഷകനാക്കി. പ്രവാസ ജീവിതത്തിന് ശേഷം ചില്ലറ പച്ചക്കറി കൃഷിയും രാഷ്ട്രീയവുമായി നടന്ന ഓച്ചിറ മഠത്തിൽക്കാരാണ്മ പുറങ്ങാടിയയ്യത്ത് നസീറിനെ മത്സ്യക്കർഷകനാക്കി മാറ്റിയത് കൊവിഡും ലോക്ഡൗണുമാണ്.

പായലും കുളവാഴയും കയറി ഉപയോഗശൂന്യമായി കിടന്ന കുളം വൃത്തിയാക്കി മത്സ്യം വളർത്താം എന്ന ആശയം ഉദിച്ചത് വെറുതെ വീട്ടിൽ ഇരുന്നപ്പോളാണ്.

മത്സ്യകൃഷിയിൽ ചിത്രലാഡ തിലാപ്പിയ ഇനത്തിൽ പെട്ട മത്സ്യമാണ് വളർത്തിയത്. ഏകദേശം അയ്യായിരത്തോളം മീൻ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. ആറ് മാസം കൊണ്ട് ഒരു കിലോയോളം വലുപ്പമുള്ള മത്സ്യങ്ങളെ ലഭിച്ചു. ഇപ്പാൾ ബയോഫ്ലോക്കിലുള്ള മത്സ്യകൃഷിയും ആരംഭിച്ചിട്ടുണ്ട്. പച്ചക്കറികൃഷിയും തേനീച്ച വളർത്തലും ഇതിനൊപ്പമുണ്ട്. ഓച്ചിറ ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റിയുടെ സെക്രട്ടറികൂടിയായ നസീർ വിളവെടുപ്പ് ഉത്സവം നടത്തിയത് പാർട്ടി പ്രവർത്തകരെ ഒപ്പം കൂട്ടിയാണ്. വാർഡ് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മത്സ്യ കൃഷി വിളവെടുപ്പ് ഉദ്ഘാടനം കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ, കബീർ. എം. തീപ്പുര, നീലികുളം സദാനന്ദൻ, ബി.എസ്. വിനോദ്, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എൻ. കൃഷ്ണകുമാർ, ഗ്രാമപഞ്ചായത്തംഗം മാളു സതീഷ്, അമ്പാടിയിൽ ബാബു, കയ്യലത്തറ ഹരിദാസ്, സതീഷ് പള്ളേമ്പിൽ, ഇസ്മായിൽ ഇബ്രാഹിം തുടങ്ങിയവർ സംസാരിച്ചു.