തഴവ: മുല്ലശേരി മുക്ക് - എ.വി.എച്ച്.എസ് ജംഗ്ഷൻ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. തഴവ, തൊടിയൂർ, ഓച്ചിറ പഞ്ചായത്തുകളെ പരസ്പരം ബന്ധിപ്പിക്കുന്ന റോഡിലൂടെ ദിനംപ്രതി വിദ്യാർത്ഥികളടക്കം നൂറുകണക്കിന് യാത്രക്കാരാണ് കടന്നുപോകുന്നത്. കൂടാതെ പഞ്ചായത്തിന്റെ വടക്കൻ മേഖലകളിലുള്ളവർ തഴവ ഗ്രാമ പഞ്ചായത്ത് ഓഫീസ്, എ.വി. ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ, ഗേൾസ് സ്ക്കൂൾ, പ്രാഥമിക ആരോഗ്യ കേന്ദ്രം, സ്ഥിരം ദുരിതാശ്വാസ ക്യാമ്പ് എന്നിവിടങ്ങളിലേക്ക് പോകാൻ മുല്ലശേരി മുക്ക് - എ.വി.എച്ച്.എസ് ജംഗ്ഷൻ റോഡിനെയാണ് ആശ്രയിക്കുന്നത്.
2.7 കിലോമീറ്റർ
ഓച്ചിറ തീപ്പുരയിൽ ജംഗ്‌ഷൻ - മുല്ലശേരി മുക്ക്, തൊടിയൂർ വെളുത്ത മണൽ ജംഗ്‌ഷൻ - എ.വി.എച്ച്.എസ് റോഡ് എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്ന ഈ റോഡിന് 2.7 കിലോമീറ്റർ നീളം മാത്രമാണുള്ളത്. ഇതിൽ തീപ്പുര ജംഗ്‌ഷൻ -മുല്ലശേരി മുക്ക് റോഡും ശോച്യാവസ്ഥയിലാണ്. മഴക്കാലത്ത് റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ അശാസ്ത്രീയമായ രീതിയിൽ ചപ്പാത്തുകൾ നിർമ്മിക്കുന്നതാണ് ഏറെ ഭീഷണിയാകുന്നത്. ചപ്പാത്തുകളുടെ ഇരുവശങ്ങളും ഇടിഞ്ഞ് ആഴത്തിലുള്ള കുഴി രൂപപ്പെടുന്നതാണ് അപകടം പെരുകാൻ കാരണം.
അപകടക്കെണിയായി കുഴികൾ
എന്നാൽ റോഡിൽ പുലിമുഖം ക്ഷേത്ര ജംഗ്ഷന് സമീപം രൂപപ്പെട്ട രണ്ട് വലിയ കുഴികൾ വൻ അപകടഭീഷണിയാണ് ഉയർത്തുന്നത്. രാത്രികാലങ്ങളിൽ റോഡിൽ മതിയായ വെളിച്ചമില്ലാത്തതിനാൽ ഇരുചക്ര വാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്. 2020 - 2021 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ ഭൂരിഭാഗം റോഡുകളും അറ്റകുറ്റപ്പണി ചെയ്തിട്ടും ഈ റോഡിനെ അധികൃതർ അവഗണിക്കുകയായിരുന്നെന്നാണ് നാട്ടുകാരുടെ പരാതി. സംസ്ഥാന സർക്കാരിന്റെ 2021 - 2022 വാർഷിക ബഡ്ജറ്റിൽ റോഡിനെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അടിയന്തരമായി ചെയ്യേണ്ട അറ്റകുറ്റപ്പണികൾ ഉടൻ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.