boat
പണിപൂർത്തിയാക്കുന്നതിന് മുൻപ് പ്രഹസന ഉദ്ഘാടനം നടത്തിയ കൊല്ലം ജലപാതയിൽ കളിവഞ്ചി ഇറക്കി യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: നിർമ്മാണം പൂർത്തിയാകും മുൻപ് കൊല്ലംതോടിന്റെ പ്രഹസന ഉദ്ഘാടനം നടത്തിയതിൽ യൂത്ത് കോൺഗ്രസ് കളിവഞ്ചി ഇറക്കി പ്രതിഷേധിച്ചു. അധികാരത്തിലെത്തിയപ്പോൾ രണ്ട് വർഷത്തിനകം നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപിച്ച ജലപാതയുടെ 50 ശതമാനം പോലും പൂർത്തിയായിട്ടില്ല.

ഉൾനാടൻ ജലഗതാഗത വകുപ്പ് മൂന്നുമാസം മുൻപ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ മൂന്നാം റീച്ചിന്റെ നിർമ്മാണം പത്തുശതമാനം പൂർത്തിയായിട്ടുള്ളുവെന്നാണ് പറയുന്നത്. ഈ സാഹചര്യത്തിൽ കൈയടി നേടാമെന്ന എൽ.ഡി.എഫിന്റെ ലക്ഷ്യം മലർപൊടിക്കാരന്റെ സ്വപ്നമാണെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് ശരത്ത് മോഹൻ ആദ്ധ്യക്ഷനായി. നേതാക്കളായ ഒ.ബി. രാജേഷ്, കൗശിക്.എം. ദാസ്, ഹർഷാദ്, ഷാജി പള്ളിത്തോട്ടം, ബിച്ചു കൊല്ലം, അഖിൽ ഭാർഗവൻ, നസമൽ, മനു അഞ്ചാലുംമൂട്, അനൂപ് നെടുമ്പന, എസ്. സലാഹുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി.