ആദ്യയാത്രയിൽ മന്ത്രിയും എം.എൽ.എമാരും
കൊല്ലം: പശ്ചിമതീര ജലപാതയുടെ ഭാഗമായ കൊല്ലം തോട്ടിലൂടെ ബോട്ടിൽ ആദ്യയാത്ര നടത്തി മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മയും എം.എൽ.എമാരായ എം. നൗഷാദും എം.മുകേഷും മേയർ പ്രസന്ന ഏണസ്റ്റും. ഉൾനാടൻ ജലഗതാഗത ഉദ്യോഗസ്ഥരും ആദ്യയാത്രയിൽ ഒപ്പം ചേർന്നു. ഇരവിപുരം ബോട്ട് ജെട്ടിയിൽ നിന്ന് ആരംഭിച്ച യാത്ര കൊല്ലം ജലകേളീ കേന്ദ്രത്തിൽ അവസാനിച്ചു.
യാത്ര അവസാനിച്ച ശേഷം അടിയന്തരമായി ചെയ്തു തീർക്കേണ്ട പ്രവർത്തനങ്ങളെ സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി.
ഇരവിപുരം ബോട്ട് ജെട്ടി മുതൽ അഷ്ടമുടി കായൽവരെയുള്ള 7.8 കിലോമീറ്റർ ദൂരമാണ് സഞ്ചാരയോഗ്യമായത്. ഒന്നാംഘട്ടത്തിൽ ചെറിയ ബോട്ടുകൾക്ക് സഞ്ചരിക്കാനുള്ള സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അടുത്ത ഘട്ടത്തിൽ ചരക്ക് ഗതാഗതത്തിനുതകുംവിധം വലിയ ബോട്ടുകൾക്കും കാർഗോ ബോട്ടുകൾക്കും സഞ്ചരിക്കാം.
കൗൺസിലർമാരായ എം. ടോമി, എ.കെ. സവാദ്, ഉൾനാടൻ ജലഗതാഗത വിഭാഗം എക്സി. എൻജിനിയർ സാം ആന്റണി, അസി. എക്സി. എൻജിനിയർ ജോയി ജനാർദ്ദനൻ, അസി. എൻജിനിയർമാരായ എം.ജി. ജിജികുമാരി, എ. ശ്രീകുമാർ, രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.