a
കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസിയുടെ സംസ്ഥാനതല കശുമാവ് കർഷക പരിശീലനം മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ നിലവിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു

എഴുകോൺ: ഉയർന്ന യോഗ്യത ഉണ്ടായിട്ടും കുറഞ്ഞ വേതനത്തിൽ വർഷങ്ങളായി ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്തുന്നത് മാനുഷിക പരിഗണനയുടെ പേരിലാണെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ. കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസിയുടെ സംസ്ഥാനതല കശുമാവ് കർഷക പരിശീലനം എഴുകോൺ ഇരുമ്പനങ്ങാട് പി.ആർ.വി കാഷ്യു ഫാമിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പത്തും പതിനഞ്ചും വർഷമായി ജോലി ചെയ്യുന്നവരെ പിരിച്ചുവിടാൻ കഴിയില്ല. പിൻവാതിൽ നിയമനമെന്ന് പറഞ്ഞ് ഇത്തരം സ്ഥിരപ്പെടുത്തൽ രാഷ്ട്രീയവത്കരിക്കുന്നത് നിർഭാഗ്യകരമാണ്. കശുഅണ്ടി രംഗത്ത് മാസത്തിൽ 20 ദിവസത്തെ തൊഴിൽ പോലും ലഭിക്കാത്തത് തോട്ടണ്ടിയുടെ ലഭ്യതക്കുറവാണ്. കൊവിഡ് ഉൾപ്പെടെയുള്ള പ്രതിസന്ധികളാണ് ഇറക്കുമതി വൈകിപ്പിക്കുന്നത്. കശുമാവ് കൃഷി വ്യാപിപ്പിക്കലാണ് ഇതിന് പ്രതിവിധി.

സോഷ്യൽ ഫോറസ്ട്രിയുടെ അയ്യായിരം ഏക്കറിൽ കൂടുതൽ സ്ഥലത്ത് അക്കേഷ്യ, യൂക്കാലി തുടങ്ങിയ മരങ്ങൾ നില്പുണ്ട്. അഞ്ചുവർഷമായി ഇവ മുറിച്ചുമാറ്റി കശുമാവ് കൃഷി ആരംഭിക്കാൻ ശ്രമം നടത്തുന്നു. എന്നാൽ ചില ഉദ്യോഗസ്ഥർ ഇതിനെ എതിർക്കുകയാണെന്നും മന്ത്രി പറഞ്ഞു.

യോഗത്തിൽ കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ശിവപ്രസാദ് അദ്ധ്യക്ഷനായി. ജില്ലയിലെ മികച്ച കശുമാവ് കർഷകനായി തിരഞ്ഞെടുക്കപ്പെട്ട ജി. തങ്കപ്പൻപിള്ളയെ ചടങ്ങിൽ ആദരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. സുമാലാൽ, എഴുകോൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രതീഷ് കിളിത്തട്ടിൽ തുടങ്ങിയവർ സംസാരിച്ചു. കെ.എസ്.എ.സി.സി സ്പെഷ്യൽ ഓഫീസർ കെ. ഷിരീഷ് സ്വാഗതവും കെ.എസ്.എ.സി.സി ദക്ഷിണമേഖല കോ ഓർഡിനേറ്റർ എ. അഷ്റഫ് നന്ദിയും പറഞ്ഞു.