c
കന്റോൺമെന്റ് മൈതാനത്തു കോൺക്രീറ്റ് മാലിന്യങ്ങൾ ഉപേക്ഷിച്ച നിലയിൽ

കൊല്ലം : ചരിത്രപ്രാധാന്യമുള്ള പീരങ്കി മൈതാനത്തിന് സമീപം കോൺക്രീറ്റ് മാലിന്യം തള്ളുന്നതായി ആക്ഷേപം. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നടന്നുവരുന്ന വിവിധ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള മാലിന്യങ്ങളാണ് മൈതാനത്തിന് സമീപം തള്ളുന്നത്. ഇത്തരത്തിൽ കുമിഞ്ഞുകൂടുന്ന എല്ലാവിധ മാലിന്യങ്ങളും നീക്കം ചെയ്യുന്നതിന് കരാറുകാർക്ക് തന്നെ ചുമതലയുള്ളപ്പോഴാണ് നഗരസഭാ ആസ്ഥാനത്തിന്റെ മൂക്കിനുകീഴിൽ ലോഡുകണക്കിന് കോൺക്രീറ്റ് മാലിന്യം തള്ളുന്നത്. നഗരസഭയുടെ മൗനാനുവാദത്തോടെയാണ് കരാറുകാർ കോൺക്രീറ്റ് മാലിന്യം തള്ളുന്നതെന്ന ആക്ഷേപം ശക്തമാണ്. ഓടകളുടെ സ്ളാബുകളും സിമന്റ് നിർമ്മിത ഭാഗങ്ങളുമാണ് കൂടുതലായും പീരങ്കി മൈതാനത്തിനടുത്ത് നിക്ഷേപിച്ചിരിക്കുന്നത്.

തേവള്ളി റോഡരികിലും കോൺക്രീറ്റ് മാലിന്യം

ഹൈസ്‌കൂൾ ജംഗ്‌ഷൻ - അഞ്ചാലുംമൂട് റോഡരികിൽ തേവള്ളി, കോട്ടയത്ത് കടവ് ഭാഗങ്ങളിലും ഇത്തരത്തിൽ കോൺക്രീറ്റ് മാലിന്യവും പാറകളും നിക്ഷേപിച്ചിട്ടുണ്ട്. തേവള്ളി റേഷൻകട - എൻ.ജി.ഒ ക്വാർട്ടേഴ്‌സ് ഭാഗത്തെ ഓട നിർമ്മാണവുമായി ബന്ധപ്പെട്ട മാലിന്യങ്ങളാണ് ഇവിടങ്ങളിൽ വ്യാപകമായി നിക്ഷേപിക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.മൈതാനത്തിന് പടിഞ്ഞാറുഭാഗത്ത് കേശവൻ മെമ്മോറിയൽ ടൗൺഹാളിനോട് ചേർന്നുള്ള ഒരേക്കറോളം സ്ഥലവും ഇത്തരത്തിൽ കോൺക്രീറ്റ് മാലിന്യങ്ങളുടെ കൂമ്പാരമായി മാറിയിരിക്കുകയാണ്.

കന്റോൺമെന്റ് മൈതാനം

വേലുത്തമ്പിദളവയുടെ തിരുവിതാകൂർ സൈന്യവും ഈസ്റ്റ് ഇന്ത്യ കമ്പനിയും തമ്മിലുണ്ടായ 1809ലെ കൊല്ലം യുദ്ധം, 1915 ലെ കല്ലുമാലസമരത്തിന്റെ സമാപനം, പൊലീസ് വെടിവയ്പ്പിൽ ആറുപേർ കൊല്ലപ്പെട്ട 1938 ലെ നിസഹകരണ സമരം തുടങ്ങിയ സംഭവങ്ങൾക്ക് വേദിയായത് പീരങ്കിമൈതാനമായിരുന്നു. കന്റോൺമെന്റ് മൈതാനം എന്നും ഇവിടം അറിയപ്പെടുന്നു. നേരത്തേ ഇവിടെ സ്ഥാപിച്ചിരുന്ന അഞ്ച് പീരങ്കികൾ ഇപ്പോൾ കൊല്ലം സർദാർ വല്ലഭായ് പട്ടേൽ പൊലീസ് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുകയാണ്.

ചരിത്രപ്രാധാന്യമുള്ള സ്ഥലം കോൺക്രീറ്റ് മാലിന്യങ്ങളുടെ നിക്ഷേപ കേന്ദ്രമാക്കുന്നത് ആരോഗ്യകരമായ പ്രവണതയല്ല

നാട്ടുകാർ