
എൽ.ഡി.എഫ് - ബി.ജെ.പി രഹസ്യകൂട്ടുകെട്ടെന്ന് എൻ.കെ. പ്രേമചന്ദ്രൻ
കൊല്ലം: 'ഞങ്ങൾക്ക് തുടർഭരണം, നിങ്ങൾക്ക് പത്തുസീറ്റ്" എന്ന ആശയമാണ് എൽ.ഡി.എഫ് നേതൃത്വം ബി.ജെ.പിയോട് പറഞ്ഞിട്ടുള്ളതെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. കൊല്ലം പ്രസ് ക്ളബിൽ യു.ഡി.എഫ് ജില്ലാ കമ്മിറ്റി നടത്തിയ പത്രസമ്മേളനത്തിനിടെയായിരുന്നു എം.പിയുടെ പരാമർശം.
കോൺഗ്രസ് മുക്ത ഭാരതമെന്ന ബി.ജെ.പി മുദ്രാവാക്യവും യു.ഡി.എഫ് വിമുക്ത കേരളമെന്ന എൽ.ഡി.എഫ് ആശയവും പരസ്‌പരപൂരകങ്ങളാണ്. 2026ൽ പ്രതിപക്ഷത്തെത്താനും 2031ൽ അധികാരത്തിൽ വരാനുമാണ് ബി.ജെ.പിയുടെ ലക്ഷ്യം. ബി.ജെ.പി നിലപാടുകളെ ശരിവയ്ക്കുന്ന തരത്തിലാണ് സി.പി.എമ്മിലെ ചില നേതാക്കളുടെ പ്രതികരണം. മുസ്ലിം വിരുദ്ധ രാഷ്ട്രീയം വളർത്തി ബി.ജെ.പിയെ കേരളത്തിലെ ഇടതുനേതാക്കൾ സഹായിക്കുകയാണെന്നും എം.പി ആരോപിച്ചു. യു.ഡി.എഫ് മികച്ച വിജയം നേടി അധികാരത്തിലെത്തുമെന്നും എം.പി പറഞ്ഞു.