mdma

കൊല്ലം: എം.ഡി.എം.എ (മെത്തലിൻ ഡയോക്സി മെത്തഫെറ്റാമിൻ) മയക്കുമരുന്നുമായി കൊട്ടാരക്കരയിൽ രണ്ട് യുവാക്കൾ പിടിയിലായ സംഭവത്തിൽ അന്വേഷണം ബംഗളൂരുവിലേക്ക്. പാലക്കാട് സ്വദേശിയാണ് ബംഗളൂരുവിൽ വില്പനയുടെ മുഖ്യസൂത്രധാരനെന്ന് അന്വേഷണ സംഘത്തിന് ബോദ്ധ്യമായിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

കൊട്ടാരക്കര തൃക്കണ്ണമംഗലിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് അഞ്ചുഗ്രാം എം.ഡി.എം.എയുമായി അയിരൂർ കാടാംകുളം ചരുവിള വീട്ടിൽ ബാലു(20), അയിരൂർ പ്ളാവിള വീട്ടിൽ അനന്തു(22) എന്നിവർ പിടിയിലായത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ബംഗളൂരൂവിൽ നിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് വ്യക്തമായത്.

ബാലു ബൈക്കിലാണ് ബംഗളൂരുവിൽ സ്ഥിരമായി പോകുന്നത്. 1800 മുതൽ 2000 രൂപ വരെ ബംഗളൂരുവിൽ ഗ്രാമിന് വില നൽകി വാങ്ങുന്ന എം.ഡി.എം.എ ഇവിടെ എത്തിച്ച് നാലായിരം മുതൽ ആറായിരം രൂപയ്ക്കാണ് വിൽപ്പന നടത്തുന്നത്. കഴിഞ്ഞ 9ന് ബംഗളൂരുവിൽ പോയി സാധനം വാങ്ങി 13ന് പുലർച്ചെ തിരികെയെത്തിയപ്പോഴാണ് പിടിക്കപ്പെട്ടത്. ഇത്തവണ അനന്തുവും ഒപ്പമുണ്ടായിരുന്നു. പതിനേഴിനും ഇരുപത്തഞ്ചിനും ഇടയിൽ പ്രായമുള്ളവരാണ് ബാലുവിന്റെ പ്രധാന കസ്റ്റമേഴ്സ്. കഴിഞ്ഞ ഡിസംബറിൽ കുണ്ടറയിൽ നിന്ന് മൂന്ന് ഗ്രാം എം.ഡി.എം.എ റൂറൽ പൊലീസിന്റെ ഡാൻസാഫ് ടീം പിടിച്ചെടുത്തിരുന്നു.

 വീര്യം കൂടും ലഹരിയിൽ മയങ്ങും

തരി - പൊടി രൂപങ്ങളിലാണ് എം.ഡി.എം.എ മയക്കുമരുന്ന്. ഒരു തരി ഉപയോഗിച്ചാൽ തന്നെ തലച്ചോറിന്റെ പ്രവർത്തനത്തെ താളം തെറ്റിക്കുകയും പ്രത്യേക മാനസികാവസ്ഥയിലെത്തുകയും ചെയ്യും. ലഹരി മണിക്കൂറുകളോളം നിലനിൽക്കും. പാർട്ടി ഡ്രഗ് എന്നപേരിലും അറിയപ്പെടുന്നു. കഞ്ചാവ് ഉപയോഗിച്ചിരുന്ന യുവാക്കൾ ഇപ്പോൾ മയക്കുമരുന്നിലേക്ക് എത്തിയിരിക്കുകയാണ്. പ്രധാന ഉറവിടം ബംഗളൂരുവാണ്. മയക്കുമരുന്ന് ഗുളികകളും മാജിക് മഷ്റൂമും സംസ്ഥാനത്തേക്ക് എത്തുന്നുണ്ട്. ഏറ്റവും വീര്യം കൂടിയ എം.ഡി.എം.എ അടുത്തിടെയാണ് വരവ് തുടങ്ങിയത്. ബംഗളൂരുവാണ് പ്രധാന ഉറവിടം.