കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ താക്കോൽദ്വാര ശസ്ത്രക്രീയയ്ക്ക് നേതൃത്വം നൽകിയ ഡോ. സീമ, ഡോ. സോഷിയാസ് എന്നിവർ മറ്റ് ജീവനക്കാർക്കൊപ്പം
രണ്ടര മണിക്കൂറിൽ ഗർഭപാത്രം നീക്കി
കരുനാഗപ്പള്ളി: താക്കോൽദ്വാര ശസ്ത്രക്രീയയിലൂടെ ഗർഭപാത്രം നീക്കംചെയ്ത് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിക്ക് അപൂർവനേട്ടം. ആരോഗ്യവകുപ്പിന് കീഴിലെ താലൂക്ക് ആശുപത്രികളിൽ ആദ്യമായാണ് ഒരാശുപത്രി ഈ നേട്ടം കൈവരിക്കുന്നത്.
45 വയസുകാരിയുടെ 20 ആഴ്ച വലിപ്പമുള്ള ഗർഭാശയവും മുഴകളുമാണ് രണ്ടര മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. അടുത്ത ദിവസം തന്നെ രോഗിയെ ഡിസ്ചാർജ് ചെയ്തു. ഗൈനക്കോളജിസ്റ്റ് ഡോ. സീമ, അനസ്തേഷ്യസ്റ്റ് ഡോ. സോഷിയാസ് എന്നിവരാണ് നേതൃത്വം നൽകിയത്. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ഉപകരണങ്ങളിൽ പലതും ഇല്ലാതിരുന്നതിനാൽ ആർ.രാമചന്ദ്രൻ എം.എൽ.എയുടെ സഹായം തേടിയിരുന്നു.
എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് ഉപകരണങ്ങൾ പുറത്തുനിന്ന് എത്തിക്കുകയായിരുന്നു. ഹെഡ് നഴ്സ് ലിസ ബീവി, നഴ്സുമാരായ നദീറ ബീവി, പ്രീത, അശ്വതി, വിജിത, വിദ്യ, അനസ്തേഷ്യ ടെക്നീഷ്യൻ ഹരിത, നഴ്സിംഗ് അസിസ്റ്റന്റുമാരായ ശിവൻകുട്ടി, ശ്രീകുമാർ അറ്റൻഡർമാരായ സുബൈദ, ലേഖ, ശ്രീലത എന്നിവർ സഹായങ്ങൾ നൽകി. സ്വകാര്യ ആശുപത്രികളിൽ രണ്ട് ലക്ഷത്തിലധികം രൂപ ചെലവുവരുന്ന ശസ്ത്രക്രീയയാണിത്. താലൂക്ക് ആശുപത്രിയിലെ സർജൻ ഡോ. വിഷ്ണുവിന്റെ നേതൃത്വത്തിൽ മൂന്നുമാസമായി അപ്പൻഡിക്സിന് താക്കോൽ ദ്വാര ശസ്ത്രക്രീയ നടത്തുന്നുണ്ട്.
''
താലൂക്ക് ആശുപത്രികളിൽ ഇത്തരം ശസ്ത്രക്രീയകൾ അപൂർവമായതിനാൽ വലിയ നേട്ടമാണിത്. ശാസ്ത്രക്രീയ ഉപകരണങ്ങൾ ലഭ്യമാക്കിയാൽ കുറഞ്ഞ ചെലവിൽ താക്കോൽദ്വാര ശസ്ത്രക്രീയകൾ ചെയ്യാൻ കഴിയും.