ulli

കൊല്ലം: കൊച്ചുള്ളി വില വീണ്ടും കുതിച്ചുയർന്ന് 120 രൂപയിലെത്തി. കഴിഞ്ഞമാസം പകുതിയോടെ 60 ലെത്തിയ ശേഷമാണ് വീണ്ടും വർദ്ധിച്ചത്. വില ഉയരുമ്പോഴും ഹോർട്ടികോർപ്പ് , സപ്ലൈകോ അടക്കമുള്ള സർക്കാർ ഏജൻസികൾ വിപണി ഇടപെടൽ നടത്തുന്നുമില്ല.

തമിഴ്നാട്ടിലുണ്ടായ വിളനാശമാണ് വിലവർദ്ധനവിന് കാരണമായി പറയുന്നത്. കഴിഞ്ഞ ഒക്ടോബറിൽ കൊച്ചുള്ളി വില കുതിച്ചുയർന്ന് നൂറിലേക്ക് എത്തിയിരുന്നു. ഹോർട്ടികോർപ്പ് നാഫെഡിൽ നിന്ന് കൊച്ചുള്ളി വാങ്ങി 65 രൂപയ്ക്ക് വില്പന തുടങ്ങിയതോടെയാണ് വില ഇടിഞ്ഞു തുടങ്ങിയത്. ഹോർട്ടികോർപ്പ്, സപ്ലൈകോ ഔട്ട്ലെറ്റുകളിൽ കൊച്ചുള്ളി കിട്ടാനില്ലാത്ത സ്ഥിതിയാണ്.

സവാള വില കഴിഞ്ഞയാഴ്ചത്തെ 50ൽ നിന്നും 55 ആയി ഉയർന്നു. കൊച്ചുള്ളി വില ഉയർന്നതാണ് സവാള വിലവർദ്ധനവിന് കാരണമായി പറയുന്നത്. വില താങ്ങാൻ കഴിയാതെ വന്നതോടെ ഭൂരിഭാഗമാളുകളും കൊച്ചുള്ളിക്ക് പകരം കൂടുതലായി സവാള ഉപയോഗിക്കുകയാണ്. ചെറുപയർ വില 110ൽ നിന്ന് 120 ആയി ഉയർന്നു.

 സീസൺ - വില

ആഗസ്റ്റ് ആദ്യം- 40 രൂപ

ഓണക്കാലം- 40 രൂപ

ഒക്ടോബർ പകുതി - 85 രൂപ

ഒക്ടോബർ അവസാനം - 100 രൂപ

ഡിസംബർ അവസാനം- 60 രൂപ

ഈമാസം ആദ്യം-100 രൂപ

ഇപ്പോൾ- 120 രൂപ