hospital

കൊല്ലം: അപകടങ്ങളിൽ ഗുരുതരമായി പരിക്കേൽക്കുന്നവർക്ക് ജീവൻ നിലനിറുത്താനുള്ള സുവർണ നിമിഷങ്ങൾ പാഴാകാതെ ചികിത്സ ലഭ്യമാക്കാനുള്ള ട്രോമ കെയർ സംവിധാനം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ വൈകാതെ സജ്ജമാക്കും. ആധുനിക സജ്ജീകരണങ്ങളോടെ ഒരുക്കുന്ന ട്രോമ കെയറിന്റെ നിർമ്മാണോദ്ഘാടനം ഇന്ന് നടക്കും.

സമുച്ചയത്തിൽ റിസപ്ഷൻ ഏരിയ, കാത്തിരിപ്പ് കേന്ദ്രം, ബ്രസ്റ്റ് ഫീഡിംഗ് റൂം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. അപകടത്തിൽ ഉണ്ടാകുന്ന പരിക്കുകളുടെ തീവ്രത അനുസരിച്ച് ചികിത്സാ രീതികൾ വേഗത്തിൽ നിർണയിക്കാൻ കഴിയുന്ന ട്രയാജിംഗ് സംവിധാനവും ഈ വിഭാഗത്തിൽ ഉണ്ടാകും.

രണ്ട് നിലകളിലായി 11,500 ചതുരശ്രയടി വിസ്തീർണത്തിൽ നിർമ്മിക്കുന്ന ബയോ മെഡിക്കൽ എൻജിനിയറിംഗ് വിഭാഗത്തിന്റെ നിർമ്മാണ ഉദ്ഘാടനവും ഇന്ന് രാവിലെ 10ന് മന്ത്രി കെ.കെ. ശൈലജ നിർവഹിക്കും. ഇത് പൂർത്തിയാകുമ്പോൾ കേടാകുന്ന ആശുപത്രി ഉപകരണങ്ങൾ അതിവേഗം അറ്റകുറ്റപ്പണി നടത്തി ഉപയോഗപ്രദമാക്കാൻ കഴിയും. ചടങ്ങിൽ മന്ത്രി കെ. രാജു, എം.പിമാരായ എൻ.കെ. പ്രേമചന്ദ്രൻ, കെ. സോമപ്രസാദ്, ജി.എസ്. ജയലാൽ എം.എൽ.എ എന്നിവരും പങ്കെടുക്കും.

 സൗകര്യങ്ങൾ

 ന്യൂറോ സർജറി

 ഓർത്തോ കെയർ

 കാഷ്വാലിറ്റി ഐ.സി.യു

 പത്ത് കിടക്കകളുള്ള മൂന്ന് അത്യാധുനിക ഐ.സി.യുകൾ

 മൂന്ന് എമർജൻസി ഓപ്പറേഷൻ തീയേറ്ററുകൾ

 എല്ലാ വിഭാഗങ്ങളുടെയും പ്രത്യേക കാഷ്വാലിറ്റി ഒ.പി

 ചെലവ്:

5 കോടി