കൊല്ലം: പത്തനാപുരം ഗാന്ധിഭവന് വീണ്ടും സഹായമെത്തിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. ഇത്തവണ 50 ലക്ഷം രൂപയുടെ ഡിമാൻഡ് ഡ്രാഫ്ടാണ് ഗാന്ധിഭവന് നൽകിയത്. എം.എ. യൂസഫലിക്ക് വേണ്ടി പ്രതിനിധികളായ ഇ. നജിമുദ്ദീൻ, ഇ.എ. ഹാരിസ്, എൻ.ബി. സ്വരാജ്, ബാബു വർഗീസ് എന്നിവർ തിങ്കളാഴ്ച ഗാന്ധിഭവനിലെത്തിയാണ് ഡി.ഡി കൈമാറിയത്.
കൊവിഡ് കാലം തുടങ്ങിയതിന് ശേഷമുള്ള സാമ്പത്തിക പ്രതിസന്ധി ഗാന്ധിഭവന്റെ ദൈനംദിന പ്രവർത്തനങ്ങളെ വരെ സാരമായി ബാധിച്ചിരുന്നു. വിവരം അന്വേഷിച്ചറിഞ്ഞ യൂസഫലി പ്രയാസങ്ങൾ മനസിലാക്കിയാണ് സഹായം അനുവദിച്ചത്.
ബഹുനില മന്ദിരവും
കൊവിഡ് ആരംഭത്തിൽ യൂസഫലി നൽകിയ 40 ലക്ഷത്തിന് പുറമേയാണ് ഈ തുക ഇപ്പോൾ ഗാന്ധിഭവന് സമ്മാനിച്ചത്. കൂടാതെ കൊവിഡ് പ്രതിരോധത്തിനായുള്ള സാനിറ്റൈസിംഗ് സംവിധാനങ്ങൾക്കും അന്നദാനത്തിനുമായി 25 ലക്ഷം രൂപയും നൽകിയിരുന്നു. 5 വർഷത്തിനിടെ ആറര കോടിയിലധികം രൂപയുടെ സഹായം അദ്ദേഹം ഗാന്ധിഭവന് നൽകിയിട്ടുണ്ട്. കൂടാതെ, 15 കോടിയോളം തുക മുടക്കി ഗാന്ധിഭവനിലെ അന്തേവാസികൾക്കായി യൂസഫലി നേരിട്ട് നിർമ്മിച്ചുനൽകുന്ന അത്യാധുനിക സൗകര്യങ്ങളുള്ള ബഹുനില മന്ദിരത്തിന്റെ നിർമ്മാണം മൂന്നു മാസത്തിനുള്ളിൽ പൂർത്തിയാകും. ഈ പ്രയാസകാലത്ത് വലിയ ആശ്വാസം പകരുന്നതാണ് യൂസഫലിയുടെ സഹായമെന്ന് ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ പറഞ്ഞു.