കൊട്ടിയം: ഇരവിപുരം റെയിൽവേ മേൽപ്പാലത്തിനായി ഏറ്റെടുത്ത സ്ഥലത്തെ കടകളിൽ നിന്ന് വ്യാപാരികളെ ഒഴിപ്പിച്ചു തുടങ്ങി. ഏറ്റെടുത്ത സ്ഥലത്തിന് നഷ്ടപരിഹാരം നൽകിയ കടകളാണ് അടച്ചുപൂട്ടി താക്കോൽ വാങ്ങിയത്. കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷന്റെയും സ്ഥലം ഏറ്റെടുപ്പ് വിഭാഗം തഹസിൽദാരുടെയും നേതൃത്വത്തിൽ വൻ പൊലീസ് സംഘത്തിന്റെ സാന്നിദ്ധ്യത്തിലാണ് ഒഴിപ്പിക്കൽ നടപടികൾ നടന്നത്. ആർ.ഡി.ബി.സി.കെ ഡെപ്യൂട്ടി കളക്ടർ പി. രാജൻ, ഡെപ്യൂട്ടി തഹസിൽദാർ നൂറുള്ളാഖാൻ, പ്രോജക്ട് മാനേജർ അജ്മൽ ഷാ, സ്ഥലം ഏറ്റെടുക്കൽ വിഭാഗം തഹസിൽദാർ വി.പി. അനിൽ, സർവെയർമാരായ രഞ്ജിനി, ഷാനിബ, വിനോദ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.