
കൊല്ലം: കൊച്ചിയിൽ നിന്ന് ചവറ കെ.എം.എം.എല്ലിലേക്ക് ജലപാത വഴി അസംസ്കൃത വസ്തുക്കൾ അടുത്തമാസം മുതൽ ബാർജിൽ കൊണ്ടു വരും. കൊച്ചിൻ റിഫൈനറിയിൽ നിന്ന് 200 ടൺ ഫർണസ് ഓയിലും ആസിഡ് ആൻഡ് കെമിക്കൽസിൽ നിന്ന് 200 ടൺ ഹൈഡ്രോ ക്ലോറിക് ആസിഡുമാണ് പ്രതിദിനം കൊണ്ടുവരുക.
ഇപ്പോൾ 40 ടാങ്കർ ലോറികളിലാണ് ഇവ കൊണ്ടുവരുന്നത്. രണ്ട് ബാർജുകളിലായി ജലപാതയിലൂടെ കൊണ്ടുവരുന്നതോടെ 40 ലോറികളുടെ റോഡ് മാർഗമുള്ള ഗതാഗതവും അന്തരീക്ഷ മലിനീകരണവും കുറയും. കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന്റെ രണ്ട് ബാർജുകളിലാകും ഇന്ധനം കൊണ്ടുവരുക. ഇതിനായി ബാർജുകളുടെ അറ്റകുറ്റപ്പണി അന്തിമഘട്ടത്തിലാണ്. ബാർജുകൾ അടുപ്പിക്കാനുള്ള ബോട്ട് ജെട്ടിയുടെ നിർമ്മാണം പൂർത്തിയായി. ബോട്ട് ജെട്ടിയിൽ നിന്ന് ഇന്ധനങ്ങൾ കെ.എം.എം.എല്ലിലേക്ക് കൊണ്ടുപോകാനുള്ള പൈപ്പ് ലൈൻ, പൈപ്പ് ലൈനുകളിലേക്ക് പമ്പ് ചെയ്യാനുള്ള മോട്ടർ എന്നിവ സ്ഥാപിച്ചു. വൈദ്യുതീകരണം മാത്രമാണ് ബാക്കിയുള്ളത്.
കെ.എം.എം.എല്ലിലേക്ക് ഇന്ധനനീക്കം ആരംഭിക്കുന്നത് ജലപാത വഴിയുള്ള മറ്റ് ചരക്ക് നീക്ക ആലോചനകൾക്കും പ്രചോദനമാകും.
ജലപാത വരുമ്പോഴുള്ള നേട്ടം
1. റോഡ് മാർഗത്തെക്കാൾ ചെലവ് കുറവ്
2. അന്തരീക്ഷ മലിനീകരണം കുറയും
3. റോഡിലെ തിരക്കിനും പരിഹാരം
ചെലവ്
റോഡ് (ലോറി)- 2.80 രൂപ (ഒരു ടൺ ഒരു കിലോമീറ്റർ)
ട്രെയിൻ- 82 പൈസ
ജലഗതാഗതം- 65 പൈസ
"
കൊച്ചിയിൽ നിന്ന് രാസവസ്തുക്കളടക്കം ജലഗതാഗതം വഴിയായാൽ അപകട സാദ്ധ്യത കുറയും. പരിസര മലിനീകരണവും ഗതാഗത കുരുക്കും കുറയും.
എസ്. സുരേഷ് കുമാർ
ക്വിൽ, ചീഫ് എൻജിനിയർ