thodiyoor-photo
കരുനാഗപ്പള്ളി കൈത്തറി സഹ:സംഘത്തിൽ നിന്ന് വിരമിച്ചതൊഴിലാളി കനകമ്മയ്ക്ക് സംഘം പ്രസിഡൻ്റ് വി.വിജയകുമാർ ഉപഹാരം നൽകുന്നു

തൊടിയൂർ: വർഷങ്ങൾക്ക് മുമ്പ് അടച്ചു പൂട്ടലിന്റെ വക്കിലെത്തിയ കരുനാഗപ്പള്ളി കൈത്തറി സഹ.സംഘം എൽ. ഡി .എഫ് സർക്കാർ അധികാരത്തിൽ വന്നതോടെയാണ് ഉയർത്തെഴുന്നേറ്റത്. സ്കൂൾ വിദ്യാർത്ഥികൾക്ക് കൈത്തറി യൂണിഫോം എന്ന സർക്കാർ പദ്ധതിയാണ് മറ്റ് നിരവധി കൈത്തറി സംഘങ്ങൾക്കൊപ്പം കരുനാഗപ്പള്ളി കൈത്തറി സംഘത്തിനും കൈത്താങ്ങായത്. പ്രതിസന്ധി ഘട്ടങ്ങളിൽ കൃത്യമായി കൂലി പോലും ലഭിക്കാതിരുന്നിട്ടും സംഘത്തെയും തൊഴിലിനെയും മുറുകെ പിടിച്ചു നിന്ന തൊഴിലാളികളുടെ ആത്മാർത്ഥതയും ഭരണ സമിതിയുടെ ഇച്ഛാശക്തിയുമാണ് കരുനാഗപ്പള്ളി കൈത്തറി സംഘത്തിന്റെ വിസ്മയകരമായ വളർച്ചയ്ക്ക് പിന്നിൽ.

പത്ത് തൊഴിലാളികൾ ഇന്നലെ വിരമിച്ചു

പ്രതിസന്ധികളും കഷ്ടപ്പാടുകളും അതിജീവിച്ച് മൂന്നുപതിറ്റാണ്ട് കാലം കരുനാഗപ്പള്ളി കൈത്തറി സഹ.സംഘത്തിൽ ജോലി ചെയ്ത പത്ത് തൊഴിലാളികൾ ഇന്നലെ വിരമിച്ചു.സംഘം ഭരണ സമിതിയുടെ നേതൃത്വത്തിൽ അവർക്ക് യാത്രയയപ്പ് നൽകി. പുതിയ കെട്ടിടങ്ങളും ഭാഗികമായ യന്ത്രവത്ക്കരണവും പുതിയ തൊഴിലാളികൾക്കുള്ള പരിശീലനവും ഉൾപ്പടെ ഒന്നാം ഘട്ട വികസനം പൂർത്തീകരിക്കപ്പട്ട വേളയിലാണ് പത്ത് തൊഴിലാളികൾ പടിയിറങ്ങുന്നത്. വത്സല, ജഗദമ്മ ,സുശീല, ലീല,മണി, സരസമ്മ, വിജയൻ, കനകമ്മ, സതിയമ്മ, സ്വർണമ്മ എന്നിവരാണ് വിരമിച്ചത്. ഇടക്കുളങ്ങരയിലെ സംഘം അങ്കണത്തിൽ ചേർന്ന യാത്രയയപ്പ് യോഗത്തിന്റെ ഉദ്ഘാടനവും ഉപഹാര വിതരണവും വി.വിജയകുമാർ നിർവഹിച്ചു.സംഘം കേന്ദ്രീകരിച്ച് കൈത്തറി പാർക്ക് സ്ഥാപിക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് പ്രസിഡന്റ് വി.വിജയകുമാർ പറഞ്ഞു.ഓച്ചിറ ബ്ലോക്ക് പഞ്ചായത്തംഗം ടി.രാജീവ് അദ്ധ്യക്ഷത വഹിച്ചു.സംഘം സെക്രട്ടറി വി.ബിനി നന്ദി പറഞ്ഞു. തൊഴിലാളികൾ സംഘം ഭരണസമിതിയോടും സഹപ്രവർത്തകരോടും നന്ദി അറിയിച്ചു.