police

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് ഗുണ്ടകൾക്കും ക്രിമിനലുകൾക്കുമെതിരെ കാപ്പ നിയമപ്രകാരമുള്ള നടപടികൾ കർശനമാക്കവെ കാപ്പ നടത്തിപ്പിലും പൊലീസിന്റെ കള്ളക്കളികളുള്ളതായി ആക്ഷേപമുയരുന്നു. പൊലീസുമായി ഏതെങ്കിലും വിധത്തിൽ ശത്രുതയുള്ളവരെയും നോട്ടപ്പുള്ളികളായവരെയും കള്ളക്കേസുകളിൽ കുടുക്കി നാട് കടത്താനും കാപ്പനിയമം ചുമത്തികരുതൽ തടങ്കലിൽ സൂക്ഷിക്കാനും നിയമത്തെ ദുരുപയോഗം ചെയ്യുന്ന പൊലീസിന്റെ നടപടികളാണ് ആക്ഷേപത്തിന് കാരണം.

കള്ളക്കേസിൽ കുടുക്കുന്നുവെന്ന് ആരോപിച്ച് 7 ഹർജികൾ

കാപ്പ നിയമപ്രകാരം ക്രിമിനലുകൾക്കും ഗുണ്ടകൾക്കുമെതിരായ നടപടികൾ ശക്തമാക്കാൻ നി‌ർദ്ദേശം വന്നതിന് പിന്നാലെ തങ്ങളെ കള്ളക്കേസിൽ കുടുക്കി കാപ്പനിയമപ്രകാരം അകത്താക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് തിരുവനന്തപുരം റൂറൽ പൊലീസ് ജില്ലയിൽ നിന്നുൾപ്പെടെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഏഴോളം ഹർജികളാണ് ഹൈക്കോടതി മുമ്പാകെ എത്തിയിരിക്കുന്നത്. ഹർജികളിൽ ഹൈക്കോടതി പൊലീസിനോട് വിശദീകരണം തേടിയിരിക്കെ,​ സംസ്ഥാനത്തെ ചില പൊലീസ് സ്റ്റേഷനുകളിൽ നിരപരാധികളെ കാപ്പാ നിയമവും ഗുണ്ടാ ആക്ടും ചുമത്തി അകത്താക്കാനും നാടുകടത്താനുമുള്ള നടപടികൾ നടക്കുന്നതായ വിവരവും പുറത്തുവരുന്നുണ്ട്.

പൊലീസിന് എതിർപ്പുളളവരെ ഒതുക്കാൻ പുതിയ കളി 107,

മാഫിയ സംഘങ്ങളുടെ ദാസരായി പൊലീസ്

ഇതിൽ ചില കേസുകൾ രാഷ്ട്രീയ പ്രേരിതമാണെങ്കിൽ മാഫിയസംഘങ്ങളെ തൃപ്തിപ്പെടുത്താൻ വേണ്ടി നിരപരാധികളെ മറ്റ് ചില കേസുകളിലെ ഇരകളാക്കും. പൊലീസുമായി ഏതെങ്കിലും വിധത്തിൽ ഏറ്റുമുട്ടേണ്ടിവരികയോ പൊലീസ് നടപടികളെ ചോദ്യം ചെയ്തതിന്റെ പേരിൽ ശത്രുഗണത്തിൽപ്പെടുകയോ ചെയ്തവരെ ടാർഗറ്റ് ചെയ്താണ് ഇത്തരം നടപടികൾ അധികവും ഉണ്ടാകുന്നത്.

കോടതിയിലേക്ക് കള്ളറിപ്പോർട്ട്

പൊലീസിന്റെ നീക്കങ്ങൾക്കും തങ്ങളുടെ ഇഷ്ടക്കാർക്ക് എതിരായ നീക്കങ്ങൾക്ക് തുനിയുന്നുവെന്ന് ബോദ്ധ്യപ്പെടുന്നവരെ ക്രിമിനൽ നടപടിച്ചട്ടം 107 പ്രകാരം പൊതുശല്യക്കാരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ റിപ്പോർട്ട് നൽകുന്നതാണ് ഇതിന്റെ ആദ്യ പടി. വൻതുക കൈപ്പറ്റിയാണ് ഇൗ കളി. മയക്കുമരുന്ന് ലോബിക്ക് വേണ്ടിയാണ് കൂടുതലും ഇൗ വേല. മാഫിയ പ്രവർത്തനങ്ങളെക്കുറിച്ച് ഇനി ശബ്ദിക്കരുത് എന്നാണ് ലക്ഷ്യം. കള്ളക്കേസുകളിൽ കുടുക്കി ഒരാളെ കുറ്റവാളിയായി ചിത്രീകരിച്ച് അവമതിപ്പുണ്ടാക്കുന്നതോടെ സമൂഹത്തിൽ അയാൾ ഏറെക്കുറെ ഒറ്റപ്പെടും.

മാസ് പെറ്റിഷൻ മറ്റൊരു തന്ത്രം

ഒറ്റപ്പെടുത്തുന്ന ആൾക്കെതിരെ കൃത്രിമമായി സൃഷ്ടിച്ചെടുക്കുന്ന മാസ് പെറ്റീഷനുകളും കള്ളത്തെളിവുകളും ആയുധമാക്കി കരിനിയമത്തിന് ഇരകളാക്കുന്നതാണ് പൊലീസിലെ ചിലരുടെ രീതി. റോഡ് വേണമെന്നോ കലുങ്ക് വേണമെന്നോ ഉള്ള ഒരു പൊതു ആവശ്യം ചൂണ്ടിക്കാട്ടി ഒപ്പു ശേഖരിക്കും. നിഷ്കങ്കതയോടെ പൊതുജനങ്ങൾ നൽകുന്ന പെറ്റീഷന്റെ ആദ്യപേജ് പിന്നീട് മാറ്റുകയും അത് പൊലീസിന്റെ ശത്രുവിനെതിരായ മാസ് പെറ്റീഷനാക്കുകയും ചെയ്യുന്നതാണ് തന്ത്രം. സംസ്ഥാന പൊലീസിൽ ഏത് കുതന്ത്രവും നീച പ്രവൃത്തികളും ചെയ്യാൻ മടിയില്ലാത്ത ചിലരാണ് നിരപരാധികളെ ഗുണ്ടകളാക്കി മാറ്റുന്ന ഇത്തരം വിചിത്ര നടപടികൾക്ക് പിന്നിൽ. മർദ്ദനവീരനെന്ന് പേരുകേട്ട വിവാദനായകനായ ഒരു എസ്.പിയും അടുത്തിടെ സ്ഥലം മാറിപ്പോയ സ്വത്ത്തട്ടിപ്പ് കേസിൽ ഉൾപ്പെട്ട ഒരു ഡിവൈ.എസ്.പിയും നഗരാതിർത്തിയിലെ സ്റ്റേഷനിൽ നിന്ന് സ്ഥലം മാറിപ്പോയ സി.ഐയും ചേർന്ന സംഘമാണ് ഇൗ കുതന്ത്രത്തിന് പിന്നിൽ. കോടതിയിലേക്ക് നൽകേണ്ട കള്ളറിപ്പോർട്ടുകൾ ഇൗ സംഘം 'അതി മനോഹര"മായ തിരക്കഥയോടെ തയ്യാറാക്കും.

പദവി മാറുമ്പോഴും തനിക്ക് താത്പര്യമുള്ള കേസുകൾ വിടാതെ പിന്തുടർന്ന് വഴിതെറ്റിക്കുന്നതിൽ അഗ്രഗണ്യനാണ് ഇപ്പോൾ മറ്റൊരു വിഭാഗത്തിന്റെ അമരത്തുള്ള എസ്.പി. സബ് ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള മുൻപദവിയിലിരിക്കെ തന്റെ 'സ്വന്തക്കാർക്ക്" വേണ്ടി കെട്ടിച്ചമച്ച കേസുകൾ പിന്തുടർന്ന് വീഴ്ച വരാതിരിക്കാൻ പീന്നീട് വരുന്ന ഉദ്യോഗസ്ഥരെ കൂടെ നിറുത്തി കൃത്യമായ നിർദ്ദേശങ്ങൾ നൽകും. കോടതിയിൽ എത്തി കേസിൽ ഇടപെടുകയും ഗവ. പ്ളീഡറെയും എതിർകക്ഷിയുടെ അഭിഭാഷകനെയും വരെ കൈയിലെടുക്കുന്നതുമാണ് രീതി.

ജാമ്യം ലഭിക്കുന്നത് ദുരുപയോഗം നടക്കുന്നതിനാൽ

എസ്.എച്ച്.ഒ മുതൽ ജില്ലാ പൊലീസ് മേധാവിയും കളക്ടറും ആഭ്യന്തര വകുപ്പ് സെക്രട്ടറിയും വരെയുള്ള ഉദ്യോഗസ്ഥവൃന്ദം സൂക്ഷ്മ പരിശോധനനടത്തി സമർപ്പിച്ച നിരവധി കാപ്പ കേസിലെ പ്രതികൾ തടവറയ്ക്കുള്ളിലായി ദിവസങ്ങൾക്കകം ജാമ്യം നേടി പുറത്തുവരുന്ന സംഭവങ്ങൾക്ക് കേരളം സാക്ഷിയാകേണ്ടിവന്നത് നിയമത്തെ ഇത്തരത്തിൽ ദുരുപയോഗം ചെയ്തതിന്റെ തെളിവാണ്. കാപ്പ പ്രയോഗിക്കുന്നതിൽ പൊലീസിൻ്റെയും ജില്ലാ - സംസ്ഥാന ഭരണകൂടങ്ങളുടെയും ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകളാണ് ഇതിന് കാരണം.

നിയമത്തെ ദുരുപയോഗം ചെയ്യുന്നതിൻ്റെ ഉദാഹരണമാണ് ഇത്തരം സംഭവങ്ങളെങ്കിലും ഇതേപ്പറ്റി അന്വേഷിക്കാനോ കുറ്റക്കാരായ ഉദ്യോഗസ്ഥ‌ർക്കെതിരെ നടപടിയെടുക്കാനോ ആരും തയ്യാറാകില്ലെന്നത് തുടർന്നും ഇത്തരം നിയമവിരുദ്ധ നടപടികൾക്ക് ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്ന ഘടകമാണ്. പൊലീസ് സ്റ്റേഷനുകളിലെ പൊലീസ് കോൺസ്റ്റബിൾമാർ മുതൽ ഉന്നത ഉദ്യോഗസ്ഥർവരെ കാപ്പ നിയമം ദുരുപയോഗം ചെയ്ത് നിരപരാധികളെ അപരാധികളാക്കുന്ന ക്രൂര നടപടികൾക്ക് പിന്നിലുണ്ട്.

കാപ്പ ആക്ട്

ഗുണ്ടകളെയും സാമൂഹ്യ വിരുദ്ധരെയും ക്രിമിനലുകളെയും അമർച്ച ചെയ്യുന്നതു ലക്ഷ്യമിട്ടാണു 2007ൽ കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (കാപ്പ ആക്ട്) സർക്കാർ നടപ്പാക്കിയത്. കാപ്പയിലെ സെക്‌ഷൻ മൂന്ന് പ്രകാരം, അറിയപ്പെടുന്ന ഗുണ്ട (നോൺ ഗുണ്ട), അറിയപ്പെടുന്ന റൗഡി (നോൺ റൗഡി) എന്നിവരെ ഒരു വർഷത്തേക്ക് കരുതൽ തടങ്കലിൽ വയ്ക്കുന്നതിന് ഉത്തരവിടാൻ ജില്ലാ കലക്ടർക്കാണ് അധികാരം. നേരത്തേ ഇത് ആറു മാസം മാത്രമായിരുന്നു.

മൂന്നു കേസുകളിൽ കൂടുതലുള്ളവരെയാണ് അകത്തിടുന്നത്. ഇതിനായി ജില്ലാ പൊലീസ് മേധാവിയാണു കലക്ടർക്കു പട്ടിക സമർപ്പിക്കേണ്ടത്. പട്ടിക പരിശോധിച്ച് കലക്ടറാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. നിയമത്തിലെ സെക്‌ഷൻ 15 പ്രകാരം, പട്ടികയിൽ ഉൾപ്പെടുത്തുന്നവരെ നാടു കടത്തുകയോ ജില്ലയിൽ പ്രവേശിക്കുന്നതു തടയുകയോ ചെയ്യാം. ഐ.ജിക്കാണ് ഇതിനുള്ള അധികാരം.

ഗുണ്ട എന്നാൽ...

ഗുണ്ട എന്ന പദത്തെക്കുറിച്ച് ‘കാപ്പ’യിൽ വ്യക്തമായി നിർവചിച്ചിട്ടുണ്ട്. ‘‘ഏതെങ്കിലും സാമൂഹ്യ വിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെടുകയോ, പ്രത്യക്ഷമായോ പരോക്ഷമായോ പൊതുവ്യവസ്ഥയുടെ പരിപാലനത്തിനു ഹാനികരമാകുന്ന നിയമവിരുദ്ധ പ്രവൃത്തികൾ പ്രോത്സാഹിപ്പിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുന്ന ആൾ.’’

ഗുണ്ടകളുടെ പട്ടിക എവിടെ?

ആർ.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തിന്റെ പശ്‌ചാത്തലത്തിൽ 2012ൽ സംസ്‌ഥാനത്ത് രാഷ്‌ട്രീയ പാർട്ടിക്കാർക്കു വേണ്ടി പ്രവർത്തിക്കുന്ന ഗുണ്ടകളുടെയും ക്വട്ടേഷൻ സംഘങ്ങളുടെയും പട്ടിക അന്നത്തെ സർക്കാർ തയാറാക്കിയിരുന്നു. ക്രിമിനൽ പശ്‌ചാത്തലമുണ്ടെന്നു തെളിഞ്ഞാൽ ഗുണ്ടാനിയമ പ്രകാരം ഇവരെ ജയിലിലടയ്‌ക്കാനായിരുന്നു തീരുമാനം. എന്നാൽ, ഈ പട്ടിക ആഭ്യന്തരവകുപ്പ് പൂഴ്ത്തി. കേരളത്തിൽ 2600ൽപരം ഗുണ്ടകളുണ്ടെന്നായിരുന്നു പൊലീസിന്റെ അന്നത്തെ കണക്ക്.

രാഷ്‌ട്രീയ പാർട്ടിക്കാർക്കു വേണ്ടി പ്രവർത്തിക്കുന്ന ക്വട്ടേഷൻ സംഘങ്ങളും ഗുണ്ടകളും ഇതിന്റെ ഇരട്ടിയിലേറെ വരും. ഇപ്പോൾ കേരളത്തിലെ ഗുണ്ടകളുടെ എണ്ണം നാലിരട്ടിയായെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്.

ഭീകരൻമാരായ ഗുണ്ടകൾ സജീവം,

നിസ്സഹായരായി പൊലീസ്

അതേസമയം, കൊച്ചിയും തൃശൂരുമുൾപ്പെടെ കേരളത്തിലെ വൻ നഗരങ്ങളിലും പ്രധാന പട്ടണങ്ങളിലും ഇടക്കാലത്ത് നിശ്ശബ്ദരായിരുന്ന ഗുണ്ടകൾ പലരും സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്. എന്നാൽ, ഇവർക്കെതിരെയൊന്നും കാപ്പയോ നാടുകടത്തലോ പ്രയോഗിക്കാൻ പൊലീസ് തയ്യാറല്ല. പൊലീസിലെയും അവരെ നിയന്ത്രിക്കുന്ന രാഷ്ട്രീയ മേലാളൻമാരുടെയും മേൽവിലാസത്തിലാണ് നാടിനെ വിറപ്പിക്കുന്ന ഈ ഗുണ്ടകൾ വിലസുന്നത്. പൊലീസിന് ഒരു കൂട്ടരോടുള്ള അയഞ്ഞ സമീപനമാണ് വിലസാൻ അവസരമൊരുക്കുന്നതെന്ന് പൊലീസുകാർ തന്നെ രഹസ്യമായി സമ്മതിക്കുന്നു. ഓരോ മേലധികാരിയും പുതിയ പദ്ധതികൾ ആവിഷ്കരിച്ച് പൊലീസുകാരുടെ തലയിൽ വച്ചുകൊടുക്കുകയാണ്. പദ്ധതികൾ കൂടുന്നതിനൊപ്പം പൊലീസ് സേനയിലെ അംഗങ്ങളുടെ എണ്ണം കൂടുന്നില്ല.

കേസന്വേഷണവും പട്രോളിംഗും ഒക്കെ വിട്ടു പദ്ധതികളുടെ പിന്നാലെ പോകേണ്ടിവരുന്നു. പല കേസുകളിലെയും ക്വട്ടേഷൻ ബന്ധങ്ങൾ അറിയാമെങ്കിലും നൂറുകണക്കിനു മറ്റു പണികൾക്കിടയിൽ അന്വേഷണവുമായി നടക്കാൻ കഴിയാത്തതിനാൽ ഇവരെ ഒഴിവാക്കി വിടുന്ന പൊലീസ് ഉദ്യോഗസ്ഥരുണ്ട്.

കാപ്പ ചുമത്തി അകത്താക്കിയത്--1021 (ഇക്കഴിഞ്ഞനവംബർ വരെയുള്ള കണക്ക്)

നാട് കടത്തപ്പെട്ടത്- 2379 പേർ

നിലവിൽ കാപ്പനിയമപ്രകാരം തടവിൽ കഴിയുന്നത്- 72 പേർ

കാപ്പ ചുമത്താൻ നിലവിൽ ശുപാർശ ചെയ്തിരിക്കുന്നത്- 817പേർ

നാടുകടത്തൽ ശുപാർശ-494 പേർ