kulam

 ഉടമസ്ഥതർക്കം, നശിക്കുന്നത് ലക്ഷങ്ങൾ

കൊല്ലം: കന്റോൺമെന്റ് മൈതാനത്തിന് വടക്കുള്ള നീന്തൽക്കുളത്തിൽ നീന്തി നടക്കുന്നത് മദ്യക്കുപ്പികൾ!. കാട് വെട്ടിത്തെളിച്ച് കുളത്തിനടുത്തെത്തിയാലേ 'നീന്തൽ' കാണാൻ സാധിക്കൂ. ഒപ്പം നീന്താൻ ഇഴജന്തുക്കളും മത്സരിക്കുകയാണ്. 2015ൽ ദേശീയ ഗെയിംസിന്റെ ഭാഗമായി നാൽപ്പത് ലക്ഷം രൂപ ചെലവിൽ നിർമ്മിച്ചതാണ് നീന്തൽക്കുളം.

എന്നാലിപ്പോൾ ആർക്കും വേണ്ടാതെ നശിക്കുന്ന അവസ്ഥയിലാണ്. സ്പോർട്സ് കൗൺസിൽ അന്ന് ചുറ്റുമതിൽ കെട്ടി സംരക്ഷിക്കാൻ ശ്രമിച്ചെങ്കിലും കോർപ്പറേഷൻ ഉടമസ്ഥാവകാശം ഉന്നയിച്ച് ചുറ്റും കമ്പിവേലി കെട്ടുകയായിരുന്നു. തർക്കം മുറുകിയതോടെ ജില്ലാ കളക്ടർ ഇടപെട്ട് ഉടമസ്ഥാവകാശം റവന്യൂ വകുപ്പിനും കൈവശാവകാശം കോർപ്പറേഷനുമായതിനാൽ താത്കാലികമായി കുളം ആർക്കും വിട്ടുനൽകേണ്ടതില്ലെന്ന് തീരുമാനിച്ചു. സംരക്ഷിക്കാൻ ആരുമില്ലായതായതോടെ ഇവിടം സാമൂഹ്യവിരുദ്ധരുടെയും മദ്യപസംഘങ്ങളുടെയും താവളമായി മാറുകയായിരുന്നു.

 കുളം തോണ്ടിയത്...

1. നീന്തൽക്കുളത്തിന് ചുറ്റും കാടുമൂടി ചുറ്റുവേലികൾ തകർന്നു

2. ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച വാട്ടർ പമ്പുകളും മോട്ടറുകളും നശിച്ചു

3. ടൈലുകൾ, ട്രാക്കുകൾ എന്നിവ സാമൂഹ്യവിരുദ്ധർ തകർത്തു

4. വെള്ളത്തിൽ കൊതുകുകൾ മുട്ടയിട്ടുപെരുകി

5. കുളത്തിൽ ഇപ്പോഴുള്ളത് മദ്യക്കുപ്പികളുടെ കൂമ്പാരം


 നീന്തൽക്കുളം


നിർമ്മിച്ചത്: 2015 ൽ
ആകെ നീളം: 25 മീറ്റർ
ചെലവ്: 40 ലക്ഷം
ഉപയോഗിച്ചത്: ദേശീയ ഗെയിംസ് മത്സരത്തിന് മാത്രം

''

ഇൻഡോർ സ്റ്റേഡിയം നിർമ്മാണം ആരംഭിക്കുന്നതിനൊപ്പം നീന്തൽക്കുളത്തിന്റെ പുനർ നിർമ്മാണവും സംരക്ഷണവും നടപ്പിലാക്കും. ഇതിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഉടൻ നിർമ്മാണ പ്രവർത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷ.


എക്സ്. ഏണസ്റ്റ് , ജില്ലാ പ്രസിഡന്റ്

സ്പോർട്സ് കൗൺസിൽ