photo
ടാറിംഗ് ഇളകി മാറുന്ന കല്ലുംമൂട്ടിൽക്കടവ് - കരുനാഗപ്പള്ളി റോഡ്.

കരുനാഗപ്പള്ളി: കല്ലുംമൂട്ടിൽക്കടവ് - കരുനാഗപ്പള്ളി റോഡിന്റെ ടാറിംഗ് ഇളകി,​കുഴികൾ രൂപപ്പെടുന്നു. 16 വർഷങ്ങൾക്ക് മുമ്പ് ബിറ്റമിൻ മെക്കാഡം സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി കരുനാഗപ്പള്ളി നഗരസഭയുടെ പരിധിയിൽ ആദ്യമായി നിർമ്മിച്ച റോഡാണിത്. 4.50 കിലോമീറ്റർ ദൈർഘ്യമാണ് റോഡിനുള്ളത്. സുനാമി ദുരന്തത്തെ തുടർന്ന് കല്ലുംമൂട്ടിൽക്കടവിൽ പാലം നിർമ്മിച്ചതോടെയാണ് നിലവിൽ ഉണ്ടായിരുന്ന റോഡ് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പുനർ നിർമ്മിച്ചത്. അന്നത്തെ കേരള മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്ചുതാനന്ദനാണ് പാലത്തിന്റെയും റോഡിന്റെയും ഉദ്ഘാടനം നിർവഹിച്ചത്. സുനാമി പുനരധിവാസ പാക്കേജിൽ നിന്ന് അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് റോഡിന്റെ പുനർ നിർമ്മാണം നടത്തിയത്.

തിരക്കേറിയ റോഡ്

10 വർഷത്തെ ഗ്യാരണ്ടിയായിരുന്നു കരാറുകാരൻ റോഡിന് നൽകിയിരുന്നത്. നിലവിൽ ഉണ്ടായിരുന്ന റോഡ് ഭൂനിരപ്പിൽ നിന്നും മെറ്റിൽ വിരിച്ച് ഉയർത്തി ടാർ ചെയ്തതിനാൽ വെള്ളക്കെട്ട് പൂർണമായും ഒഴിവാക്കി റോഡിനെ തകർച്ചയിൽ നിന്നും രക്ഷിച്ചിരുന്നു. കരുനാഗപ്പള്ളി ടൗണിൽ നിന്നും ആലപ്പാട്ട് ഗ്രാമപഞ്ചായത്തിലേക്ക് ഏറ്റവും കൂടുതൽ വാഹനങ്ങൾ കടന്ന് പോകുന്നത് കല്ലുംമൂട്ടിൽക്കടവ് പാലം വഴിയാണ്. കായംകുളം മത്സ്യബന്ധന തുറമുഖത്തേക്ക് മീൻ വാങ്ങാൻ എത്തുന്ന കണ്ടെയ്നർ ലോറികൾ പോകുന്നതും ഈ റോഡിലൂടെയാണ്.

തുടക്കത്തിൽ തന്നെ മെയിന്റനൻസ് നടത്തണം

കഴിഞ്ഞ 15 വർഷത്തിനുള്ളിൽ കരുനാഗപ്പള്ളി ചക്കാലയിൽ ജംഗ്ഷനിൽ മാത്രമാണ് റോഡ് പൊട്ടിപൊളിഞ്ഞത്. വാട്ടർ അതോറിട്ടിക്കാർ കുടിവെള്ള പൈപ്പിന്റെ അറ്റകുറ്റപ്പണിക്ക് വേണ്ടി ഇവിടെ റോഡ് കുത്തിപ്പൊളിക്കുകയായിരുന്നു. പിന്നീട് റോഡ് ടാർ ചെയ്ത് വൃത്തിയാക്കുകയും ചെയ്തു. . എന്നാൽ ഇപ്പോൾ റോഡിന്റെ മേൽവശത്തുള്ള ടാറിംഗ് ഇളകി ചെറിയ കുഴികൾ രൂപപ്പെട്ടു തുടങ്ങി. ഈ നില തുടർന്നാൽ വളരെ താമസിക്കാതെ റോഡ് പൂർണമായും കുണ്ടും കുഴിയുമായി മാറും. തുടക്കത്തിൽ തന്നെ റോഡ് മെയിന്റനൻസ് ചെയ്യാനുള്ള നടപടികൾ പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായാൽ റോഡ് പൂർണമായും സംരക്ഷിക്കാൻ കഴിയുമെന്നാണ് നാട്ടുകാർ പറയുന്നത്. .