photo
ഫോട്ടോ അംഗ പരിമിതൻ പ്രസാദും മനോവൈകല്യമുള്ള മാതാവും

പത്തനാപുരം:അംഗ പരിമിതനായ പിറവന്തൂർ പെരുന്തോയിൽ കമ്പി ലൈനിൽ പ്രസാദിന്റെ വീട്ടിൽ നിന്ന് മൊബൈൽഫോണും സ്വർണമാലയും കവർന്ന സംഭവത്തിൽ പ്രതികളെ പൊലീസ് സംരക്ഷിക്കുന്നതായി ആരോപണം. കഴിഞ്ഞ മാർച്ച് മാസത്തിലാണ് പ്രസാദിന്റെ വീട്ടിൽ നിന്ന് വിലകൂടിയ മൊബൈലും വൃദ്ധയും മനോവൈകല്യവുമുള്ള മാതാവിന്റെ ഒന്നര പവന്റെ സ്വർണമാലയും മോഷണം പോയത്. പ്രസാദിന്റെ പരാതിയിൽ സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽഫോൺ തിരികെ ലഭിച്ചെങ്കിലും മാല ഇതുവരെ തിരികെ കിട്ടിയില്ല. മൊബൈൽ ലഭിച്ചെങ്കിലും മോഷണത്തിന് പിന്നിലാരാണെന്ന് വെളിപ്പെടുത്താൻ പൊലീസ് തയ്യാറായില്ലെന്ന് പ്രസാദ് പറയുന്നു.

പ്രസാദിന്റെ വീട്ടിൽ ജോലിക്കെത്തിയ രണ്ട് പേരാണ് മോഷണത്തിന് പിന്നിലെന്നും മോഷണം നടത്തിയവരെപ്പറ്റി വ്യക്തമായ തെളിവ് സഹിതം പൊലീസിന് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും പരാതിയിൽ പറയുന്നു. ഓട്ടോറിക്ഷ തൊഴിലാളിയായിരുന്ന പ്രസാദിന് വാഹനാപകടത്തിൽപ്പെട്ട് രണ്ടു കാലുകളും നടുവും ഒടിഞ്ഞ് കമ്പി ഇട്ടിരിക്കുകയാണ്. അംഗവൈകല്യമുണ്ടെങ്കിലും പ്രസാദ് ജോലിയെടുത്താണ് കുടുംബം കഴിയുന്നത്. പ്രതികളെ സഹായിക്കുന്നതിന് പിന്നിൽ ചില രാഷ്ട്രീയ നേതാക്കളുടെ ഇടപെടലാണെന്നും തങ്ങൾക്ക് വധഭീഷിണിയുണ്ടെന്നും പ്രസാദും കുടുംബവും ആരോപിക്കുന്നു.