fish

 അക്വാട്ടിക് അനിമൽ സെന്റർ പ്രവർത്തനം തുടങ്ങി

കൊല്ലം: മത്സ്യകൃഷി പ്രോത്സാഹിപ്പിച്ച് ഉത്പാദനം വർദ്ധിപ്പിക്കുന്നതിനൊപ്പം മത്സ്യരോഗ നിർണയത്തിനും പ്രതിവിധിക്കുമായി ജില്ലയിൽ അക്വാട്ടിക് അനിമൽ സെന്റർ പ്രവർത്തനം തുടങ്ങി. മത്സ്യകൃഷി കൂടുതൽ ഊർജ്ജസ്വലമാക്കുന്നതിനും മത്സ്യരോഗ നിർണയവും - പ്രതിവിധികളും ആധുനിക സജ്ജീകരണങ്ങളോടെ കർഷകർക്ക് ലഭ്യമാക്കുകയുമാണ് സെന്ററിന്റെ ലക്ഷ്യം.

തിരുവനന്തപുരം ഓടയം ഹാച്ചറിയിൽ സെന്ററിന്റെ ഉദ്ഘാടനം മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ നിർവഹിച്ചു. അഡ്വ. വി. ജോയി എം.എൽ.എ അദ്ധ്യക്ഷനായി. അടൂർ പ്രകാശ് എം.പി മുഖ്യാതിഥിയായി. മത്സ്യോത്പാദനം 25,​000 ടണ്ണിൽ നിന്ന് 1.5 ലക്ഷം ടൺ ആക്കുന്നതിനുള്ള പദ്ധതികളാണ് ഫിഷറീസ് വകുപ്പ് നടപ്പാക്കുന്നത്.

ഇതിന്റെ ഭാഗമായാണ് സെന്റർ പ്രവർത്തനം ആരംഭിച്ചത്. കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്‌നോളജിയുടെ സാങ്കേതിക സഹായത്തോടെ അഡാക്കിന്റെ നേതൃത്വത്തിലാണ് പദ്ധതി.

വർക്കല മുനിപ്പൽ ചെയർപേഴ്‌സൺ കെ.എം. ലാജി, മറ്റ് ജനപ്രതിനിധികൾ, സിഫ്റ്റ് ഡയറക്ടർ ഡോ. സി.എം. രവിശങ്കർ, ഫിഷറീസ് വകുപ്പ് ഡയറക്ടർ സി.എ. ലത, വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.



 സൗകര്യങ്ങൾ


1. മത്സ്യരോഗ നിർണയം

2. വെള്ളത്തിന്റെയും മണ്ണിന്റെയും രാസ ​- ഭൗതിക ഗുണ പരിശോധന

3. രോഗാണുക്കളെ കണ്ടെത്താനുള്ള മൈക്രോ ബയോളജി

4. പി.സി.ആർ ടെസ്റ്റുകൾ

5. ആധുനിക സൗകര്യങ്ങൾ

 പദ്ധതി തുക:

1.31 കോടി

''

രോഗം കണ്ടെത്താൻ സംവിധാനം ഇല്ലാത്തതിനാൽ മത്സ്യകർഷകർ നിരവധി പ്രശ്‌നങ്ങളാണ് നേരിടുന്നത്. ഇതിന് പരിഹാരമായാണ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അക്വാട്ടിക് അനിമൽ ഹെൽത്ത് സെന്റർ ആരംഭിക്കുന്നത്

ജെ. മേഴ്സിക്കുട്ടിഅമ്മ,​ മന്ത്രി