
കുപ്പിവെള്ള സംഘടനയിലെ പണപ്പിരിവ് വിവാദമാകുന്നു
കൊല്ലം: ഹൈക്കോടതി ജഡ്ജിക്ക് കൈക്കൂലി നൽകാനെന്ന പേരിൽ കുപ്പിവെള്ള നിർമ്മാതാക്കളുടെ സംഘടനയിൽ പണപ്പിരിവ്. കുപ്പിവെള്ളം അവശ്യവസ്തുക്കളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ അനുകൂല വിധി സംഘടിപ്പിക്കാനെന്ന പേരിലാണ് പരസ്യപിരിവ്.
കുപ്പിവെള്ള വിൽപ്പനയിൽ കച്ചവടക്കാർ കൊള്ളലാഭം കൊയ്യുന്നുവെന്ന് കാട്ടി ഒരു വിഭാഗം കുപ്പിവെള്ള നിർമ്മാതാക്കൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഈ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പഠനത്തിൽ ലാഭം സ്ഥിരീകരിച്ചതോടെയാണ് ഒരു ലിറ്ററിന്റെ വില 20 രൂപയിൽ നിന്ന് 13 രൂപയായി വെട്ടിക്കുറച്ചത്. കുപ്പിവെള്ളം അവശ്യവസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് വിലകുറയ്ക്കാനുള്ള തീരുമാനത്തിന് സർക്കാർ നിയമ പരിരക്ഷ ഒരുക്കിയത്.
വില കുറച്ചതോടെ കുപ്പിവെള്ള നിർമ്മാതാക്കളുടെ 20 വർഷമായുള്ള ഏക സംഘടന രണ്ടായി പിളർന്നു. മാസങ്ങൾ കഴിഞ്ഞപ്പോൾ കച്ചവടക്കാരുടെ സമ്മർദ്ദത്തിന് വഴങ്ങി രണ്ട് സംഘടനകളും വില ഉയർത്തണമെന്ന നിലപാടിലെത്തി. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ചെങ്കിലും വഴങ്ങിയില്ല. ഇതോടെയാണ് ഒരു സംഘടന ഹൈക്കോടതിയെ സമീപിച്ചത്.
അനുകൂല വിധിക്ക് പിരിവോട് പിരിവ്
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നൽകിയ ഹർജിയുടെ വാദം പുരോഗമിക്കുകയാണ്. പണം നൽകാമെന്ന് ഉറപ്പ് കൊടുത്താൽ കുപ്പിവെള്ളം അവശ്യവസ്തുക്കളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കി വിധി ലഭിക്കുമെന്നാണ് സംഘടനാ നേതാക്കൾ നടത്തുന്ന പ്രചാരണം. അനുകൂല വിധി ലഭിച്ച ശേഷം പണം കൈമാറിയാൽ മതിയെന്നും ഒരു കോടി രൂപയെങ്കിലും സമാഹരിക്കണം എന്നിങ്ങനെയുള്ള സംഘടനാ നേതാക്കളുടെ ഫോൺ സംഭാഷണം പുറത്തുവന്നിട്ടുണ്ട്. നേരത്തെ കുപ്പിവെള്ളത്തിന്റെ നികുതി കുറയ്ക്കാൻ മന്ത്രിക്ക് നൽകാനെന്ന പേരിൽ സംഘടനയ്ക്കുള്ളിൽ പണപ്പിരിവ് ആരംഭിച്ചിരുന്നു. സംഭവം പുറത്തായതോടെ നീക്കം ഉപേക്ഷിച്ചു.
വൻ നികുതി വെട്ടിപ്പ്
കുപ്പിവെള്ളം വിൽപ്പനയുമായി ബന്ധപ്പെട്ട് വൻ നകുതി വെട്ടിപ്പ് നടക്കുന്നതായി ആരോപണമുണ്ട്. ഒരു ദിവസം സംസ്ഥാനത്ത് ഒന്നരക്കോടി ലിറ്റർ കുപ്പിവെള്ളം വിൽക്കുന്നുവെന്നാണ് ഏകദേശ കണക്ക്. ഇതിന്റെ പകുതി കച്ചവടത്തിന്റെ നികുതി പോലും ഖജനാവിൽ എത്തുന്നില്ല. ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 18 ശതമാനമാണ് നികുതി.
ഒരുലിറ്റർ കുപ്പിവെള്ളം
വില നേരത്തെ: 20 രൂപ
ഇപ്പോൾ: 13 രൂപ
നിർമ്മാണ ചെലവ്: 5 - 5.50 രൂപ
മൊത്ത വിൽപ്പന വില: 6 രൂപ
കച്ചവടക്കാർക്ക് ലാഭം: 7 രൂപ
20 ലിറ്റർ കാൻ: 15 രൂപ
വിൽപ്പന വില: 60 രൂപ
''
ഇപ്പോഴത്തെ പണപ്പിരിവ് ജഡ്ജിക്ക് കൈക്കൂലി നൽകാനാണെന്ന് കരുതുന്നില്ല. സംഘടനാ നേതാക്കൾക്ക് പണം തട്ടാനുള്ള തന്ത്രമാണ്.
എസ്. മനോജ് കുമാർ
കുപ്പിവെള്ള നിർമ്മാതാവ്