
കൊല്ലം: എഴുപത്തിയഞ്ച് ലക്ഷം ചെലവഴിച്ച് ആധുനികവത്‌കരിച്ചിട്ടും പ്രവർത്തനം മുടങ്ങി നഗരത്തിലെ അറവുശാല. അനധികൃത കശാപ്പുകേന്ദ്രങ്ങൾ വ്യാപകമായിട്ടും നടപടിയെടുക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ല.
അനാരോഗ്യകരമായ ചുറ്റുപാടിലാണ് ഇത്തരം കശാപ്പുശാലകൾ പ്രവർത്തിക്കുന്നത്. നഗരത്തിൽ പലയിടങ്ങളിലും ഇത്തരം കേന്ദ്രങ്ങളുണ്ട്. അറവുശാലയുടെ പ്രവർത്തനം നിലച്ചതോടെ മൃഗപരിശോധനയോ ഗുണനിലവാരം ഉറപ്പാക്കലോ നടക്കുന്നില്ല. ഇതുമൂലം അഞ്ഞൂറിലധികം അംഗീകൃത ഇറച്ചി വ്യാപാരികളുടെ ഉപജീവന മാർഗമാണ് ഇല്ലാതായത്.
ലക്ഷങ്ങൾ പൊടിച്ച് ആധുനികവത്കരണം
2019-20 സാമ്പത്തിക വർഷത്തിലാണ് അറവുശാലയുടെ ആധുനികവത്കരണം ലക്ഷ്യമിട്ട് എഫ്ലുവന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കാൻ കോർപ്പറേഷൻ പദ്ധതിയിട്ടത്. കശാപ്പ് ചെയ്യുമ്പോഴുണ്ടാകുന്ന ഖര - ദ്രവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനാണ് 26 ലക്ഷം രൂപ ചെലവഴിച്ച് പ്ലാന്റ് നിർമ്മിച്ചത്.
എന്നാൽ പ്ലാന്റ് പ്രതീക്ഷിച്ചതുപോലെ പ്രവർത്തിക്കാത്തതിനാൽ വീണ്ടും 50 ലക്ഷം കൂടി ചെലവഴിച്ച് മറ്റൊരു യന്ത്രം കൂടി സ്ഥാപിച്ചു. കോഴിക്കോട് ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയാണ് പ്ലാന്റ് സ്ഥാപിച്ചത്. പലതവണ പ്രവർത്തിപ്പിച്ചിട്ടും കൃത്യമായ ഫലം ഉണ്ടാകാതിരുന്നതിനെ തുടർന്ന് അറവുശാല താത്കാലികമായി നഗരസഭാ അടച്ചിടുകയായിരുന്നു.
പ്രദേശവാസികൾ കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2018 ജൂലായിൽ അറവുശാല അടച്ചുപൂട്ടാൻ ഉത്തരവിട്ടിരുന്നു. തുടർന്നാണ് അറവുശാല ആധുനികവത്കരിക്കാൻ നഗരസഭ തീരുമാനിച്ചത്.
എം.എൽ.എയ്ക്ക് അസോസിയേഷന്റെ കത്ത്
ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവർത്തിക്കാത്ത അറവുശാല തുറന്ന് പ്രവർത്തിപ്പിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എം. മുകേഷ് എം.എൽ.എയ്ക്ക് കേരള മീറ്റ് മർച്ചന്റ്‌സ് അസോസിയേഷൻ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റി കത്ത് നൽകി. കച്ചവടക്കാർക്കുള്ള ലൈസൻസ് പുതുക്കുന്നതിനും അനധികൃത വ്യാപാരികൾക്കെതിരെ നടപടി സ്വീകരിക്കുന്നതിനും എം.എൽ.എ ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. കോഴിയിറച്ചി കച്ചവടത്തിനും ലൈസൻസ് ഏർപ്പെടുത്തണമെന്ന് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
"
അറവുശാല അടിയന്തരമായി തുറന്ന് ലൈസൻസോടുകൂടി വ്യാപാരം നടത്താൻ അനുവദിക്കണം. കോർപ്പറേഷന് നികുതിയിനത്തിൽ വലിയ നഷ്ടമാണ് ഉണ്ടാകുന്നത്. സമൂഹത്തിന് ദോഷകരമായ അവസ്ഥ ഒഴിവാക്കണം.
അമീർ സുൽത്താൻ, ജില്ലാ പ്രസിഡന്റ്
കേരള മീറ്റ് മർച്ചന്റ്‌സ് അസോ.