 
 ജില്ലാ പഞ്ചായത്തിൽ വനിതാ ശാക്തീകരണത്തിന് ഉൗന്നൽ
കൊല്ലം: വനിതാ ശാക്തീകരണത്തിന് ഉൗന്നൽ നൽകി ജില്ലാ പഞ്ചായത്തിന്റെ കന്നി ബഡ്‌ജറ്റ്.
വെെസ് പ്രസിഡന്റും ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സണുമായ സുമലാലാണ് ബഡ്‌ജറ്റ് അവതരിപ്പിച്ചത്.
മുൻ വർഷങ്ങളിലെ പദ്ധതികൾ തുടരുന്നതിനൊപ്പം ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് പ്രഖ്യാപിച്ചത്. കാർഷിക - പരിസ്ഥിതി - ആരോഗ്യ മേഖലയ്ക്കും പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ. ഡാനിയേൽ ആമുഖ പ്രഭാഷണം നടത്തി.
 വനിതകൾക്കുള്ള പ്രാധാന പ്രഖ്യാപനങ്ങൾ
 സ്വയംപ്രഭ: മൂന്ന് വനിതകളുടെ ഗ്രൂപ്പുകൾക്ക് ഉത്പാദന സംരംഭങ്ങൾ ആരംഭിക്കുന്നതിനും സംരംഭകത്വ പദ്ധതികൾക്കും പദ്ധതി തുകയുടെ 75 ശതമാനം, പരമാവധി 2 ലക്ഷം രൂപ സബ്സിഡി. 30 പേരുള്ള വനിതാ ഗ്രൂപ്പുകൾക്ക് സഹായം നൽകാൻ 60 ലക്ഷം.
 കരുതൽ: വിദ്യാർത്ഥിനികളുടെ ടോയ്‌ലെറ്റുകൾ നവീകരിക്കുന്നതിനും ഇൻസിനറേറ്ററുകളുടെ അറ്റകുറ്റപ്പണികൾക്കും 50 ലക്ഷം.
 നിർഭയ: വിദ്യാർത്ഥിനികളുടെ സ്വയം പ്രതിരോധത്തിനും ആത്മവിശ്വാസം വളർത്തുന്നതിനും കരാട്ടേ ക്ലാസ്, വ്യക്തിത്വ വികസന പരിപാടികൾ സ്‌കൂൾ തലത്തിൽ നടത്തുന്നതിന് 10 ലക്ഷം.
 ഗൃഹശ്രീ: അഭ്യസ്തവിദ്യരായ വനിതകൾക്ക് വീടുകൾ കേന്ദ്രീകരിച്ച് ചെറുകിട ഉത്പാദന - സേവന സംരംഭങ്ങൾ ആരംഭിക്കുന്നതിന് ബി.പി.എൽ വിഭാഗക്കാർക്ക് 50 ശതമാനവും (പരമാവധി 50,000 രൂപ),
എ.പി.എൽ വിഭാഗക്കാർക്ക് 35 ശതമാനവും (പരമാവധി 35,000 രൂപ) സബ്‌സിഡി. 50 ലക്ഷം രൂപ വകയിരുത്തി.
 മറ്റ് പ്രധാന നിർദ്ദേശങ്ങൾ 
 അഞ്ചൽ ജില്ലാ കൃഷിഫാമിന് 30 ലക്ഷം
 കൊട്ടാരക്കര, കടയ്ക്കൽ ഫാമുകൾക്ക് 50 ലക്ഷം
 കാർഷിക യന്ത്ര പരിശീലനത്തിന് അക്കാദമി, 10 ലക്ഷം
 കാർഷിക മേഖലയിൽ ആകെ വകയിരുത്തിയത് 555 ലക്ഷം
 കുരിയോട്ടുമല ഗവ. ഹൈടെക് ഡയറി ഫാമിന് ഒരു കോടി
 ക്ഷീരവികസനത്തിന് ആകെ 200 ലക്ഷം
 മത്സ്യകൃഷി നടത്തിപ്പിന് 50 ലക്ഷം 
 വ്യവസായ മേഖലയ്ക്ക് 100 ലക്ഷം
 പരമ്പരാഗത ചെറുകിട വ്യവസായങ്ങൾക്ക് 100 ലക്ഷം
 ജില്ലാ ആശുപത്രി വികസന പദ്ധതികൾക്ക് 410 ലക്ഷം
 സർക്കാർ സ്‌കൂൾ കെട്ടിടങ്ങളുടെ നവീകരണം 200 ലക്ഷം
 ശാസ്താംകോട്ട തടാക സംരക്ഷണം 75 ലക്ഷം
 വരവ്: 158.36 കോടി
 ചെലവ്: 151.75 കോടി
 നീക്കിയിരിപ്പ്: 6.61 കോടി