road

കൊട്ടാരക്കര: പട്ടണത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ സമാന്തര പാത നിർമ്മിക്കാനുള്ള നഗരസഭയുടെ പരിശ്രമത്തിന് കോടതി വിലക്ക്. ഈ മാസം 27 വരെ പ്രവർത്തനങ്ങൾ നിറുത്തിവയ്ക്കാൻ മുൻസിഫ് കോടതി ഉത്തരവിട്ടു. 27ന് നഗരസഭ അധികൃതരുടെ വാദംകേട്ട ശേഷം തുടർ നടപടിയുണ്ടാകുമെന്നാണ് കോടതിയുടെ അറിയിപ്പ്. കൊട്ടാരക്കര ഡോക്ടേഴ്സ് ലൈനിൽ നിന്നും എം.സി റോഡിലെത്തുന്ന വിധത്തിലാണ് റോഡ് നിർമ്മിക്കാൻ പദ്ധതി തയ്യാറാക്കിയതും നടപടികൾ തുടങ്ങിയതും. ഇരുപത് ഭൂ ഉടമകളുടെ സമ്മത പത്രവും വാങ്ങി 750 മീറ്റർ നീളമുള്ള റോഡ് അളന്ന് തിരിക്കുകയും ചെയ്തിരുന്നു. തുടക്ക ഭാഗത്ത് അഞ്ച് മീറ്റർ വീതിയും ബാക്കിയുള്ളിടത്ത് എട്ട് മീറ്റർ വീതിയുമാണുള്ളത്. നഗരസഭ പ്രാരംഭ പ്രവർത്തനങ്ങൾ നടത്തിയശേഷം പൊതുമരാമത്ത് വകുപ്പിന് കൈമാറി മെച്ചപ്പെട്ട സമാന്തര റോഡാക്കി മാറ്റാനായിരുന്നു ലക്ഷ്യം.

റോഡ് നിർമ്മാണത്തിനെതിരെ കോടതിയിൽ

ബി.ജെ.പി പ്രവർത്തകരായ അനീഷ്, രാജീവ് കേളമത്ത് എന്നിവരാണ് റോഡ് നിർമ്മാണത്തിനെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്. ഏല സംരക്ഷിക്കണമെന്ന ആവശ്യമാണ് പ്രധാനമായും ഉന്നയിച്ചിട്ടുള്ളത്. നഗരസഭ ചെയർമാൻ എ.ഷാജു, കൗൺസിലർ വനജ രാജീവ്, സെക്രട്ടറി പ്രദീപ് എന്നിവരെ പ്രതിചേർത്താണ് കോടതിയെ സമീപിച്ചത്.

നിയമപരമായും രാഷ്ട്രീയമായും നേരിടും

നഗരസഭയ്ക്കെതിരെ മുൻസിഫ് കോടതി കേസ് എടുക്കുമ്പോൾ തൊണ്ണൂറ് ദിവസം മുന്നേ നോട്ടീസ് നൽകണമെന്ന ചട്ടം ഇവിടെ ലംഘിച്ചിരിക്കുകയാണ്. നാടിന്റെ പൊതു വികസനത്തിന് വേണ്ടിയാണ് റോഡ് നിർമ്മാണവുമായി മുന്നോട്ടുപോയത്. അതുകൊണ്ടുതന്നെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും. നഗരസഭയുടെ കൗൺസിൽ തീരുമാനപ്രകാരമാണ് റോഡ് നിർമ്മാണം നടത്തുന്നത്. ചിലരുടെ വ്യക്തിതാത്പര്യം മാത്രമാണ് നിർമ്മാണത്തിന് തടസമാകുന്നത്. പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നതിനായി നാട്ടുകൂട്ടം വിളിച്ചുചേർക്കും. എന്നിട്ട് അന്തിമ തീരുമാനമെടുക്കും.

എ.ഷാജു(ചെയർമാൻ, കൊട്ടാരക്കര നഗരസഭ)

നാടിന്റെ വികസനം മുഖ്യം

കൊട്ടാരക്കര പട്ടണത്തിലെ ഗതാഗത കുരുക്കിന് വലിയ പരിഹാരം എന്ന നിലയിലാണ് പുതിയ റോഡ് വിഭാവനം ചെയ്തത്. സമാന്തര പാത വരുന്നതോടെ വലിയ വികസനത്തിന് സാദ്ധ്യതയും തെളിയുന്നുണ്ട്. ആ സമയത്ത് ചിലർ തടസപ്പെടുത്താൻ നോക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. നാടിന്റെ വികസനമാണ് മുഖ്യമെന്ന് ഓർമ്മപ്പെടുത്തുന്നു. (വനജ രാജീവ്, കൗൺസിലർ)