phot

പുനലൂർ: പുനലൂർ - ചെങ്കോട്ട റെയിൽ പാതയിലെ വൈദ്യുതീകരണം 2023 മാർച്ചിൽ പൂർത്തിയാക്കുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു. എം.പിയുടെ അദ്ധ്യക്ഷതയിൽ പുനലൂർ റെയിൽവേ സ്റ്റേഷൻ ഫോൺഫറൻസ് ഹാളിൽ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ജോൺ തോമസുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് എം.പി ഇക്കാര്യം വ്യക്തമാക്കിയത്.

കൊല്ലം റെയിൽവേ സ്റ്റേഷനിലെ രണ്ടാംപ്രവേശന കവാടത്തെ ബന്ധിപ്പിക്കുന്ന മേൽപ്പാലവും എക്സലേറ്ററും പെരിനാട് അടിപ്പാതയുടെ നിർമ്മാണവും ഉടൻ പൂർത്തീകരിക്കും. പുനലൂർ റെയിൽവേ ക്രോസിന് മുകളിൽ മേൽപ്പാലം നിർമ്മിക്കണമെന്ന ആവശ്യം റെയിൽവേ അംഗീകരിച്ചു. ഫണ്ട് പുനലൂർ നഗരസഭ നൽകുമെന്ന് നഗരസഭാ ചെയർപേഴ്സൺ നിമ്മി എബ്രഹാം ജനറൽ മാനേജർക്ക് ഉറപ്പുനൽകി. എക്സ്‌പ്രസ് ട്രെയിനുകൾക്ക് കുണ്ടറ, തെന്മല, ആര്യങ്കാവ് റെയിൽവേ സ്റ്റേഷനുകളിൽ സ്റ്റോപ്പനുവദിക്കണമെന്ന ആവശ്യം മുൻഗണനാക്രമത്തിൽ നടപ്പാക്കും. കൊല്ലം-പുനലൂർ റെയിൽവേ റൂട്ട് വൈദ്യുതീകരിക്കൽ കരാർ അന്തിമഘട്ടത്തിലാണെന്നും പുനലൂർ - ചെങ്കോട്ട പാതയുടെ ടെണ്ടർ നടപടികൾ പുരോഗമിക്കുകയാണെന്നും ജനറൽ മാനേജർ എം.പിയെ അറിയിച്ചു. എറണാകുളം-വേളാങ്കണ്ണി ട്രെയിൻ സർവീസ് ആരംഭിക്കാനുള്ള നിർദ്ദേശം റെയിൽവേ ബോർഡിന് സമർപ്പിച്ചിട്ടുണ്ട്. പുനലൂർ നഗരസഭാ വൈസ് ചെയർമാൻ വി.പി. ഉണ്ണിക്കൃഷ്ണൻ, തെന്മല പഞ്ചായത്ത് പ്രസിഡന്റ് കെ. ശശിധരൻ, ദക്ഷിണ റെയിൽവേ പ്രിൻസിപ്പൽ ചീഫ് ഓപ്പറേഷൻ മാനേജർ നീനു ഇട്ടിയറ, പ്രിൻസിപ്പൽ ചീഫ് എൻജിനിയർ സുധീർ പാൻവാർ, പ്രിൻസിപ്പൽ ചീഫ് കൊമേഴ്സ്യൽ മാനേജർ ആർ. ധനൻ ജയാലു, മധുര റെയിൽവേ ഡിവിഷണൽ മാനേജർ വി.ആർ. ലെനിൻ, മുൻ റെയിൽവേ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗം എം. നാസർഖാൻ തുടങ്ങിയവർ പങ്കെടുത്തു.