photo
കുറ്ററ നെടിയകാല താഴേതിൽ അംബികയ്ക്ക് സി.പി.എം നിർമ്മിച്ചുനൽകിയ സ്നേഹവീടിന്റെ ഗൃഹപ്രവേശ ചടങ്ങ് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി ഉദ്ഘാടനം ചെയ്യുന്നു

പുത്തൂർ: ചെറ്റക്കുടിലിലെ ദുരിതങ്ങളിൽ നിന്ന് മോചനം. കാറ്റും മഴയും വരുമ്പോൾ അംബികയ്ക്കും കുടുംബത്തിനും ഇനി അടച്ചുറപ്പുള്ള വീട്ടിൽ പേടിയില്ലാതെ കഴിയാം. സി.പി.എം മാവടി ലോക്കൽ കമ്മിറ്റി നിർമ്മിച്ച് നൽകുന്ന സ്നേഹവീട് കുറ്ററ നെടിയകാല താഴേതിൽ അംബികയ്ക്ക് കൈമാറി. വർഷങ്ങളായി ടാർപ്പാളിൻ ഷീറ്റുകൊണ്ടും ചാക്കുകൾകൊണ്ടും മറച്ച കുടിലിലാണ് വിധവയായ അംബികയും(44) എൺപത്തേഴ് വയസുള്ള അമ്മ ഭവാനിയും വിദ്യാർത്ഥികളായ രണ്ട് മക്കളും ദുരിത ജീവിതം നയിച്ചിരുന്നത്. മഴയത്ത് കുടിൽ നിലംപൊത്തുമോയെന്നും കാറ്റടിക്കുമ്പോൾ പറന്നുപോകുമോയെന്നും അവർ പേടിച്ചിരുന്നു. പല രാത്രികളിലും ഉറങ്ങാൻപോലും കഴിഞ്ഞിരുന്നില്ല. ഓരോ ദിനങ്ങളിലും ചെറ്റക്കുടിലിലെ ദുരിതങ്ങൾ ഏറിവന്നപ്പോഴാണ് അപ്രതീക്ഷിതമായി സി.പി.എം പ്രവർത്തകർ വീട് നിർമ്മിച്ചുനൽകാമെന്ന വാഗ്ദാനവുമായെത്തിയത്. സി.പി.എം സംസ്ഥാന സമ്മേളന തീരുമാനപ്രകാരം നിർദ്ധന കുടുംബത്തിന് വീടൊരുക്കാൻ മാവടി ലോക്കൽ കമ്മിറ്റി മുന്നോട്ടുവരികയായിരുന്നു. 700 ചതുരശ്ര അടി വിസ്തീർണമുള്ള കോൺക്രീറ്റ് വീടാണ് നിർമ്മിച്ചത്. 11 ലക്ഷം രൂപ ചെലവ് വന്നു. പാർട്ടി അംഗങ്ങളും അനുഭാവികളും അഭ്യുദയ കാംക്ഷികളും സഹായിച്ചതോടെയാണ് മനോഹരമായ വീടിന്റെ നിർമ്മാണം പൂർത്തിയാക്കാനായത്. ആഗസ്റ്റ് 19ന് പി.കൃഷ്ണപിള്ള ദിനത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ ശിലാസ്ഥാപനം നടത്തിയ വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിശ്ചയിച്ചതിലും വേഗത്തിൽ പൂർത്തിയാക്കി താക്കോൽ കൈമാറിയത്.

എം.എ.ബേബി താക്കോൽ കൈമാറി

അംബികയുടെ വീട്ടുമുറ്റത്തൊരുക്കിയ ചടങ്ങിൽവച്ച് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി താക്കോൽ കൈമാറി. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം ജോർജ്ജ് മാത്യു, ഏരിയ സെക്രട്ടറി പി.കെ.ജോൺസൺ, നിർമ്മാണ കമ്മിറ്റി പ്രസിഡന്റും ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ ഡി.എസ്.സുനിൽ, വി.രവീന്ദ്രൻ നായർ, കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി.ഇന്ദുകുമാർ, ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.അജി, എൻ.ബേബി, സി.മുകേഷ്, എസ്.ആർ.രമേശ്, ആർ.രാജേഷ്, സവിത, തുളസീധരൻ പിള്ള, പള്ളിയിൽ അജി എന്നിവർ സംസാരിച്ചു.