kalesh-kumar-52

തൊടിയൂർ: ഹരിപ്പാട്ട് മൊബൈൽ ഷോപ്പ് ജോലിക്കാരനും ഷോപ്പുടമയും തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ഷോപ്പ് ഉടമ മരിച്ചു. കല്ലേലിഭാഗം നിമിത ഭവനിൽ ഗോപാലകൃഷ്ണപിള്ളയുടെയും (ഉണ്ണിപ്പിള്ള) തുളസിയുടെയും മകൻ കലേഷ് കുമാറാണ് (52) മരിച്ചത്. കടയിൽ മുൻപ് ജോലി ചെയ്തിരുന്ന യുവാവിന് ആറു ദിവസത്തെ ശമ്പളം നൽകാനുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

പിടിവലിക്കിടെ തറയിൽ വീണ യുവാവ് എഴുന്നേറ്റ് കൈയിലിരുന്ന ഹെൽമെറ്റ് കൊണ്ട് കലേഷ് കുമാറിനെ അടിച്ചു. ചുണ്ടിൽ മുറിവേറ്റ കലേഷ് ഹരിപ്പാട് പൊലീസിൽ പരാതി നൽകി. തുടർന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇ.സി.ജിയിൽ വ്യതിയാനം കണ്ടതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

എന്നാൽ മെഡിക്കൽ കോളേജിൽ എത്തും മുൻപ് കലേഷ് കുമാർ മരിച്ചു. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം കല്ലേലിഭാഗത്തെ വീട്ടുവളപ്പിൽ സംസ്കരിക്കും. ഒന്നര വർഷമായി കലേഷ് കുമാർ ഹരിപ്പാടായിരുന്നു താമസം. ഭാര്യ: ശ്രീമതി. മക്കൾ: നിമിത്ത്, നിമിത.