vallam

 വള്ളങ്ങൾ കനാൽ ഓഫീസിലേക്ക്

കൊല്ലം: കാൽനൂറ്റാണ്ടിന് ശേഷം കൊല്ലം തോട്ടിൽ വള്ളങ്ങൾ തുഴയെറിഞ്ഞ് തുടങ്ങി. ഒപ്പം ആണ്ടുകളായി ഉറക്കച്ചടവിലായിരുന്ന ഒരു സർക്കാർ ഓഫീസും ഉണർന്നു,​ കൊല്ലം തോടിന്റെ കരയിലുള്ള കനാൽ ഓഫീസ്. ലൈസൻസ് പുതുക്കാൻ രജിസ്റ്റർ വള്ളങ്ങൾ നിരനിരയായി ഇവിടേക്ക് എത്തുകയാണ്.

1829ലാണ് കൊല്ലം തോടിന്റെ നിർമ്മാണം പൂർത്തിയായത്. 1830ലാണ് കനാൽ ഓഫീസ് ആരംഭിച്ചത്. അന്ന് ട്രാൻസിറ്റ് ഓഫീസ് എന്നായിരുന്നു പേര്. കൊല്ലം തോടിനൊപ്പം അന്ന് തീരത്ത് നിരനിരയായി ഓട് ഫാക്ടറികളും ആരംഭിച്ചിരുന്നു. അവിടെ നിന്ന് ഓടുകളും നിർമ്മാണത്തിനുള്ള ചെളിയും ഇതുവഴിയാണ് കൊണ്ടുപോയിരുന്നത്. തോടുവഴി കടന്നുപോകുന്ന വള്ളങ്ങളെല്ലാം കനാൽ ഓഫീസിന് മുന്നിൽ നിറുത്തി ചെറിയ തുക ലെവി അടയ്ക്കണം. അന്ന് കനാൽ ഓഫീസിന് മുന്നിൽ ഇപ്പോഴത്തെ ടോൾ ഗേറ്റിന് സമാനമായ സംവിധാനം ഉണ്ടായിരുന്നു. തടികൊണ്ടുള്ള ആ ഉപകരണങ്ങളെല്ലാം ഇപ്പോൾ കനാൽ ഓഫീസിന്റെ ഉത്തരത്തിൽ കയറ്റി വച്ചിരിക്കുകയാണ്. 1920 മുതലുള്ള വള്ളങ്ങളുടെ രജിസ്ട്രേഷൻ രേഖകൾ ഈ ഓഫീസിൽ ഇപ്പോഴുമുണ്ട്.

 ആധുനികവത്കരണം അനിവാര്യം

പണ്ട് വള്ളങ്ങൾ അടുപ്പിക്കാൻ കൽപ്പടവുകളും വള്ളക്കാർക്ക് വിശ്രമിക്കാനുള്ള സൗകര്യങ്ങളും ഇവിടെ ഉണ്ടായിരുന്നു. ഇപ്പോൾ കൽപ്പടവുകളെല്ലാം ഇടിഞ്ഞ് മൺതിട്ട മാത്രമായി. കൊല്ലം തോടുവഴി ഗതാഗതം ആരംഭിച്ച സാഹചര്യത്തിൽ കനാൽ ഓഫീസിന് മുന്നിൽ കൽപ്പടവുകൾ നിർമ്മിക്കുന്നതിനൊപ്പം ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യവും ഉയരുകയാണ്.

കൊല്ലം തോടുവഴിയുള്ള ഗതാഗതം മുടങ്ങിയതോടെ കനാൽ ഓഫീസിലെ ജീവനക്കാർ ഓരോ കടവുകളിലും പോയാണ് വള്ളങ്ങളുടെ രജിസ്ട്രേഷനും ലൈസൻസ് പുതുക്കലും നടത്തിയിരുന്നത്. ആദ്യഘട്ട നവീകരണം പൂർത്തിയായി കൊല്ലം തോട് ഗതാഗതത്തിന് തുറന്നതോടെയാണ് വള്ളങ്ങൾ നേരിട്ട് കനാൽ ഓഫീസിലേക്ക് എത്തിത്തുടങ്ങിയത്.

 കനാൽ ഓഫീസ് ആരംഭിച്ചത്: 1830 ൽ

 രജിസ്റ്റർ ചെയ്ത വള്ളങ്ങൾ: 4,500 ഓളം

 ചരക്ക് - വിനോദ സർവീസ് നടത്തുന്നത്: 1,500 ഓളം

''

വരും ദിവസങ്ങളിൽ കനാൽ ഓഫീസ് വീണ്ടും സജീവമാകും. വർഷങ്ങൾ പഴക്കമുള്ള ഈ ഓഫീസ് പരമ്പരാഗത ശൈലി നിലനിറുത്തി നവീകരിച്ച് സ്മാരകമാക്കുന്നതിനൊപ്പം വള്ളങ്ങളുടെയും ബോട്ടുകളുടെയും ഓപ്പറേറ്റിംഗ് സെന്ററാക്കിയും മാറ്റാം.

വി.കെ. രഞ്ജിത്ത്

കനാൽ ഓഫീസർ