
കൊല്ലം: മുൻമന്ത്രിയും സി.പി.ഐ ജില്ലാ സെക്രട്ടറിയുമായ മുല്ലക്കര രത്‌നാകരൻ മത്സരത്തിൽ നിന്ന് ഒഴിയുന്നതിനാൽ ചടയമംഗലം നിയമസഭാ സീറ്റിൽ പാർട്ടി സംസ്ഥാന എക്‌സി. കമ്മിറ്റിയംഗം പി. പ്രസാദിനെ പരിഗണിച്ചേക്കും.
വിജയസാദ്ധ്യതയാണ് മുഖ്യമായും നോക്കുന്നത്. സി.പി.ഐ നേതാവ് കെ.ആർ. ചന്ദ്രമോഹനന്റെ ബന്ധുവിനെയാണ് പി. പ്രസാദ് വിവാഹം കഴിച്ചിട്ടുള്ളത്. ചടയമംഗലമാണ് ഭാര്യയുടെ സ്വദേശം. ഈ ബന്ധവും ആദർശ പരിവേഷമുള്ള പ്രമുഖ നേതാവെന്ന പരിഗണനയും പ്രസാദിന് അനുകൂല ഘടകങ്ങളാണ്.
പ്രമുഖ പരിസ്ഥിതി പ്രവർത്തകനായ പി. പ്രസാദ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഹരിപ്പാട് രമേശ് ചെന്നിത്തലയ്‌ക്കെതിരെ മത്സരിച്ചിരുന്നു. പ്രസാദിനെ പരിഗണിക്കുന്നതിനോട് പ്രാദേശികമായും വിയോജിപ്പുകളില്ല. പാർട്ടിയുടെ പ്രാദേശിക നേതാവായ മുസ്തഫയുടെ പേരും പരിഗണനയിലുണ്ടെങ്കിലും സാദ്ധ്യത കൂടുതൽ പി. പ്രസാദിനാണ്. ചടയമംഗലത്തിനൊപ്പം ചാത്തന്നൂരും പ്രസാദിനെ പരിഗണിക്കാമെന്ന് ചില നേതാക്കൾ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ജി.എസ്. ജയലാലിന് ഇക്കുറി സീറ്റ് നൽകുന്നില്ലെങ്കിൽ ഇവിടേയ്ക്ക് പ്രസാദിനൊപ്പം പാർട്ടി യുവജന നേതാവ് സജിലാലിനെയും പരിഗണിച്ചേക്കും.
കരുനാഗപ്പള്ളിയിൽ ആർ. രാമചന്ദ്രൻ തന്നെ സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന. ഇവിടെ മറ്റാരെയും പാർട്ടി പരിഗണിക്കുന്നില്ല.ആർ. രാമചന്ദ്രന് വലിയ വിജയ സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. പുനലൂരിൽനിന്ന് മന്ത്രി കെ. രാജുവും മാറുന്നതിനാൽ അവിടെയും വിജയ സാദ്ധ്യതയുള്ളവരെയാണ് പരിഗണിക്കുക. പി.എസ്. സുപാലിന്റെ പേരിനാണ് മുൻതൂക്കം.
നിലവിൽ പാർട്ടി എം.എൽ.എമാരായവരെ രണ്ടാമതും പരിഗണിക്കുന്ന സ്ഥലങ്ങളിൽ അവരുടെ വൃക്തിത്വവും ജനങ്ങൾക്കിടയിലുള്ള അഭിപ്രായവും പരിഗണിച്ചാവും വീണ്ടും സീറ്റ് നൽകുക. പാർട്ടി നടപടി നേരിട്ടിട്ടുണ്ടെങ്കിൽ പോലും വിജയസാദ്ധ്യതയ്ക്കൊപ്പം വ്യക്തിത്വവും പാർട്ടിയോടും പ്രവർത്തകരോടുമുള്ള കൂറുമാണ് പ്രധാനമായും പരിഗണിക്കുക.