
കല്ലടയാറിന് ഞാങ്കടവിൽ അപ്രതീക്ഷിത ആഴം
കൊല്ലം: കൊല്ലം നഗരത്തിലും സമീപ പഞ്ചായത്തുകളിലും കുടിവെള്ളം എത്തിക്കാനുള്ള ഞാങ്കടവ് പദ്ധതിയുടെ ഭാഗമായുള്ള തടയണ നിർമ്മാണം പ്രതിസന്ധിയിൽ. ഞാങ്കടവിൽ തടയണ നിർമ്മിക്കുന്ന ഭാഗത്ത് കല്ലടയാറിന് പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ ആഴമുള്ളതാണ് പ്രശ്നം. ഇതുമൂലം കൂടുതൽ ആഴത്തിൽ പൈൽ ചെയ്യാൻ എസ്റ്റിമേറ്റ് പരിഷ്കരിച്ചാലേ നിർമ്മാണം മുന്നോട്ട് കൊണ്ടുപോകാനാകൂ.
കല്ലടയാറിന്റെ തീരത്ത് ഞാങ്കടവിൽ നിർമ്മാണം പൂർത്തിയായ കിണറിൽ നിന്നാണ് നഗരത്തിലേക്ക് ഉൾപ്പെടെ കുടിവെള്ളം എത്തിക്കേണ്ടത്. കിണറിൽ എപ്പോഴും ജലലഭ്യത ഉറപ്പാക്കാനാണ് തടയണ നിർമ്മിക്കുന്നത്. ആറിന് 78 മീറ്റർ വീതിയുള്ള ഈ ഭാഗത്ത് 90 മീറ്റർ വീതിയിലാണ് തടയണ നിർമ്മിക്കുന്നത്.
തടയണയ്ക്കായി ആറര മീറ്റർ ആഴത്തിൽ 24 പൈലുകൾ നിർമ്മിക്കാനായിരുന്നു എസ്റ്റിമേറ്റ്. എന്നാൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതിന് ശേഷമാണ് ആറിന്റെ മദ്ധ്യഭാഗത്ത് കൂടുതൽ ആഴമുണ്ടെന്ന് ബോദ്ധ്യമായത്. ഇവിടെ 9 മീറ്റർ അഴത്തിൽ പൈൽ ചെയ്താലെ തടയണയ്ക്ക് ബലം ലഭിക്കൂ. ഇങ്ങനെ 16 പൈലുകളെങ്കിലും കൂടുതൽ ആഴത്തിൽ വേണ്ടിവരും.
2 കോടിയോളം ചെലവ് വർദ്ധിക്കും
24.17 കോടിയുടെ എസ്റ്റിമേറ്റാണ് തടയണ നിർമ്മാണത്തിനായി നേരത്തെ തയ്യാറാക്കിയിരുന്നത്. 16 പൈലുകളുടെ ആഴം 9 മീറ്ററായി വർദ്ധിപ്പിക്കുമ്പോൾ ചെലവ് രണ്ട് കോടി രൂപയെങ്കിലും ഉയരും. ഇതിനായി എസ്റ്റിമേറ്റ് പരിഷ്കരിക്കാൻ നിർവഹണ ഏജൻസിയായ ജല അതോറിറ്റി സർക്കാരിനെ സമീപിച്ചിരിക്കുകയാണ്.
പൂർത്തിയാകാൻ ഇനിയും കാക്കണം
മൂന്ന് മാസം മുൻപാണ് തടയണയുടെ നിർമ്മാണം തുടങ്ങിയത്. ഒന്നര വർഷത്തിനകം പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം. അപ്രതീക്ഷിത പ്രതിസന്ധി കാലാവധിക്കുള്ളിൽ പൂർത്തിയാക്കുന്നതിനെ ബാധിക്കും. പദ്ധതിയുടെ ഭാഗമായുള്ള വസൂരിച്ചിറയിലെ ട്രീറ്റ്മെന്റ് പ്ലാന്റ് നിർമ്മാണം, പൈപ്പ് ലൈൻ സ്ഥാപിക്കൽ എന്നിവ പുരോഗമിക്കുകയാണ്.