കരുനാഗപ്പള്ളി: ദേശീയ ജലപാതയായ ടി.എസ് കനാലിന്റെ മദ്ധ്യഭാഗത്ത് അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ചീനവലകൾ മത്സ്യബന്ധന യാനങ്ങൾക്ക് ബുദ്ധിമുട്ടാകുന്നതായി പരാതി. ക്ലാപ്പന പള്ളിക്കടവ് മുതൽ വടക്കോട്ട് ആയിരം തെങ്ങ് പാലത്തിന് സമീപം വരെയാണ് അനധികൃത ചീനവലകൾ ഉള്ളത്. ടി.എസ് കനാൽ ദേശീയ ജലപാതയായി പ്രഖ്യാപിച്ചതിനെ തുടർന്ന് കനാലിൽ ഉണ്ടായിരുന്ന മുഴുവൻ ചീനവലകളും ഫിഷറീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശാനുസരണം നീക്കം ചെയ്തിരുന്നു. ലൈസൻസോടു കൂടി പ്രവർത്തിച്ചിരുന്ന ചീനവലകളുടെ ഉടമകൾക്ക് നഷ്ടപരിഹാര തുകയും സർക്കാർ നൽകി.
സിഗ്നൽ ലൈറ്റുകൾ ഇല്ല
ദേശീയ ജലപാതയിലൂടെയുള്ള ഗതാഗതം കൂടുതൽ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് കായലിന്റെ ഇരു വശങ്ങളിലും ഉണ്ടായിരുന്ന ചീനവലകൾ നീക്കം ചെയ്തത്. എന്നാൽ നിലവിൽ ടി.എസ് കനാലിന്റെ വടക്ക് ഭാഗം കേന്ദ്രീകരിച്ചാണ് ചീന വലകൾ അനധികൃതമായി കായലിൽ ഉയരുന്നത്.
രാത്രികാലങ്ങളിൽ ചീനവലകൾ കനാലിന് മീതേ പൊക്കി നിറുത്തുന്നതാണ് മത്സ്യബന്ധന യാനങ്ങൾക്ക് വിനയാകുന്നത്. സിഗ്നൽ ലൈറ്റുകൾ ഇല്ലാതെ ഉയർത്തി നിറുത്തിയിരിക്കുന്ന ചീനവലകളിൽ രാത്രി കാലങ്ങളിൽ കടലിൽ പോകുന്ന ബോട്ടുകളും വള്ളങ്ങളും ഇടിക്കാറുണ്ട്. ഇത് പലപ്പോഴും കായലിൽ സംഘർഷത്തിന് കാരണമാകുന്നു.
ചീനവലകൾ നീക്കം ചെയ്യണം
പണ്ടൊക്കെ ചീനവല നിർമ്മാണത്തിന് തേക്കിൻ കഴകളാണ് ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോൾ സ്റ്റീൽ പൈപ്പുകളാണ് ഉപയോഗിക്കുന്നത്. ഒരു ചീന വല പ്രവർത്തന സജ്ജമാക്കണമെങ്കിൽ അരലക്ഷത്തോളം രൂപ വേണ്ടി വരുമെന്ന് ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ പറയുന്നു. കൊഞ്ചും ചെറു മത്സ്യങ്ങളുമാണ് ചീനവലകളിൽ പെടുന്നത്. ജൂൺ, ജൂലായ്, ആഗസ്റ്റ് മാസങ്ങളിലാണ് സീസൺ. എന്നാൽ ഇന്ന് എല്ലാ ദിവസവും കായലിൽ ചീനവലകൾ നീട്ടാറുണ്ട്. കായലിൽ ചീന വലകൾ സ്ഥാപിക്കണമെങ്കിൽ ഫിഷറീസ് ഉദ്യോഗസ്ഥരുടെ രേഖാ മൂലമുള്ള അനുവാദം ആവശ്യമാണ്. എന്നാൽ നിലവിൽ ആരുടേയും അനുവാദം ഇല്ലാതെയാണ് ചീനവലകൾ സ്ഥാപിച്ചിരിക്കുന്നത്. ഫിഷറീസ് ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണ് അനധികൃത ചീനവലകൾ പ്രവർത്തിക്കുന്നതെന്ന ആക്ഷേപവും വ്യാപകമാണ്. കായലിൽ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ചീനവലകൾ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു.