rotary
ജൈവകൃഷിയിൽ നൂറുമേനി കൊയ്ത് റോട്ടറി ക്ലബ്ബ്

പത്തനാപുരം : തരിശ് ഭൂമിയായിക്കിടന്ന മാലൂർ വെള്ളൂർ ചിറയത്ത് ഏലായിൽ ജൈവ നെൽകൃഷി നടത്തി നൂറുമേനി കൊയ്ത് റോട്ടറി ക്ലബ്. റോട്ടറി ക്ലബ് ഒഫ് കുന്നിക്കോട് റോയൽസ് പട്ടാഴി വടക്കേക്കര പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെയാണ് മാലൂർ വെള്ളൂർ ചിറയത്ത് ഏലായിൽ ജൈവ നെൽകൃഷി നടത്തിയത്. നെൽകൃഷിയുടെ വിളവെടുപ്പ് 'കൊയ്ത്തുത്സവം' എന്ന പേരിൽ വെള്ളൂർ ചിറയത്ത് ഏലായിൽ നടന്നു. കൊയ്ത്തുത്സവം ഉദ്ഘാടനം റോട്ടറി ഡിസ്ട്രിക്ട് ഗവർണർ കെ.ശ്രീനിവാസൻ നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് അഡ്വ.ബി.ഷംനാദ് അദ്ധ്യക്ഷനായി. പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമാദേവി, ബിജു മാത്യു, വനജകുമാരി, റവ.ഫാദർ.ജയിംസ്, കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ വേണുഗോപാൽ, സിന്ധു, ജോജി വർഗീസ് കൈലാത്ത്, പ്രിൻസ് സണ്ണി, ഗിരീഷ് ലാൽ, അജിത് എന്നിവർ സംസാരിച്ചു. കർഷകരെയും കർഷകത്തൊഴിലാളികളെയും ചടങ്ങിൽ ആദരിച്ചു.