photo
നിർദ്ധന കുടുംബത്തിന് വലിയവിള ഫൗണ്ടേഷൻ വീട് നിർമ്മിച്ച് നൽകുന്നതിന്റെ സമ്മതപത്രം ചെയർമാനും മാനേജിംഗ് ട്രസ്റ്റിയുമായ ഡോ. ജോസഫ് .ഡി. ഫെർണാണ്ടസ് കൈമമാറുന്നു

കുണ്ടറ: കുണ്ടറ വലിയവിള ഫൗണ്ടേഷന്റെ കരുതലിൽ നിർദ്ധന കുടുംബത്തിന് വീടൊരുങ്ങും. കിഴക്കേകല്ലട പഞ്ചായത്തിലെ നിലമേൽ വാർഡിലെ ശിവൻകുട്ടി- സുമ ദമ്പതികൾക്കാണ് സെന്റ് ജോസഫ് ഹോംസ് പദ്ധതി പ്രകാരം വീട് നിർമ്മിച്ച് നൽകുന്നത്.

എട്ട് വർഷം മുൻപ് സ്ട്രോക്ക് വന്ന് തളർന്ന ശിവൻകുട്ടിയും ശാരീരികാസ്വാസ്ഥ്യമുള്ള മൂത്തമകൻ വൈഷ്ണവും അടങ്ങുന്ന കുടുംബത്തെ മുന്നോട്ട് കൊണ്ടുപോകാൻ വീട്ടുജോലികൾക്ക് പോവുകയാണ് സുമ. കുടുംബത്തിന്റെ ദുരിതാവസ്ഥ ബോദ്ധ്യപ്പെട്ടാണ് വീട് അനുവദിച്ചത്.

ഫൗണ്ടേഷൻ ചെയർമാനും മാനേജിംഗ് ട്രസ്റ്റിയുമായ ഡോ. ജോസഫ് ഡി. ഫെർണാണ്ടസ് വീട് നിർമ്മിച്ച് നൽകുന്നതിന്റെ സമ്മതപത്രം കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉമാദേവിഅമ്മ, വാർഡ് മെമ്പർ സജിലാൽ, ഫൗണ്ടേഷൻ സെക്രട്ടറി സ്മിതാ രാജൻ, സെന്റ് ജോസഫ് ഹോംസ് വൈസ് പ്രസിഡന്റ് ഷിബു കുമാർ, ജോയിന്റ് സെക്രട്ടറി പ്രവീൺകുമാർ തുടങ്ങിയവർ പങ്കെടുത്തു.

ഏഴ് ലക്ഷം രൂപയുടെ വീടാണ് നിർമ്മിക്കുക. ജൂലായ് 15ന് സെന്റ് ജോസഫ് സ്കൂളുകളുടെ ഫൗണ്ടേഴ്സ് ദിനത്തിൽ വീടിന്റെ താക്കോൽ കൈമാറാനാണ് ലക്ഷ്യമിടുന്നതെന്ന് സെക്രട്ടറി സ്മിതാ രാജൻ അറിയിച്ചു.