cjennithala

കൊല്ലം: സി.പി.എം സംസ്ഥാന സെക്രട്ടറി വിജയരാഘവൻ ഉപയോഗിക്കുന്നത് ആർ.എസ്.എസിന്റെ ഭാഷയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐശ്വര്യ കേരള യാത്രയ്ക്ക് പത്തനാപുരത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.എം നേതൃത്വം നേരത്തെ തന്നെ ബി.ജെ.പിയുമായി ബന്ധം സൂക്ഷിക്കുന്നുണ്ട്. സി.പി.എം എക്കാലവും ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായിരുന്നു. രാവിലെ കെ. സുരേന്ദ്രൻ പറയുന്നതാണ് ഉച്ചക്ക് വിജയരാഘവൻ പറയുന്നത്.

പി.എസ്.സി റാങ്ക് ഹോൾഡേഴ്‌സിന്റെ ജനവികാരത്തിന് മുന്നിൽ മുട്ടുമടക്കേണ്ടിവന്നിട്ടും നിലപാട് മാറ്റാതെ മുഖ്യമന്ത്രി പിടിവാശി തുടരുകയാണ്. സംവരണതത്വങ്ങൾ അട്ടിമറിച്ചാണ് പിൻവാതിൽ നിയമനങ്ങൾ.
ധാർഷ്ട്യം മാറ്റിവച്ച് പിണറായി സമരം ചെയ്യുന്ന ചെറുപ്പക്കാരോട് ചർച്ച നടത്തണം. പി.എസ്.സി റാങ്ക് പട്ടികയിൽ നിന്ന് നിയമനം നടത്തുകയാണ് സർക്കാർ ചെയ്യേണ്ടത്. പി.എസ്.സി സമരത്തെ യു.ഡി.എഫ് രാഷ്ട്രീയമായി മുതലെടുപ്പിന് ഉപയോഗിക്കുന്നില്ല. ഇത് ചെറുപ്പക്കാരുടെ പ്രശ്‌നമാണ്. സ്വാഭാവികമായും യുവജനസംഘടനയായ യൂത്ത് കോൺഗ്രസ് ഈ വിഷയത്തിൽ ഇടപെടും. ഡി.വൈ.എഫ്.ഐ സർക്കാർ വിലാസം സംഘടനയായി അധഃപതിക്കുകയാണ്. വനിതാ വികസന കോർപറേഷനിൽ പെൻഷൻ പ്രായം ഉയർത്തിയത് എന്ത് അടിസ്ഥാനത്തിലാണെന്നും ചെന്നിത്തല ചോദിച്ചു.