പുത്തൂർ: ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിച്ച വിദ്യാർത്ഥി ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു.
പൂവറ്റൂർ പടിഞ്ഞാറ് ശ്രീലക്ഷ്മിയിൽ (പറങ്കിമാംവിള വീട്) പരേതനായ ശ്രീകുമാറിന്റെയും അമ്പിളിയുടെയും മകൻ എസ്. അമലാണ് (19, ശ്രീക്കുട്ടൻ) പൂവറ്റൂർ ഭഗവതി ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചത്.
ക്ഷേത്ര മൈതാനത്തെ ഫുട്ബാൾ കളിക്കുശേഷം ഇന്നലെ ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ കുളിക്കാനിറങ്ങിയതായിരുന്നു തുണ്ടിൽ കിഴക്കതിൽ വീട്ടിൽ വിനായകും (19) അമലും. പടവുകൾ ഇറങ്ങുന്നതിനിടെ വിനായക് കാൽവഴുതി കുളത്തിലേക്കു വീണു. രക്ഷപെടുത്താൻ ശ്രമിക്കുന്നതിനിടെ അമലും മുങ്ങിത്താണു. ഓടിക്കൂടിയ നാട്ടുകാർ വിനായകിനെ രക്ഷപ്പെടുത്തിയെങ്കിലും അമലിനെ കണ്ടെത്താനായില്ല.
കൊട്ടാരക്കരയിൽ നിന്നെത്തിയ ഫയർഫോഴ്സ് നടത്തിയ തെരച്ചിലിലാണ് അമലിന്റെ മൃതദേഹം കണ്ടെത്തിയത്. പ്ളസ് ടുവിനു ശേഷം നഴ്സിംഗ് പഠനത്തിന് അഡ്മിഷനെടുത്ത് നിൽക്കുകയായിരുന്നു അമൽ. ഇന്ന് പോസ്റ്റ് മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം വൈകിട്ട് 3ന് വീട്ടുവളപ്പിൽ. പൂവറ്റൂർ ഭഗവതി ക്ഷേത്രത്തിൽ കഴിഞ്ഞദിവസം ഉത്സവത്തിന് കൊടിയേറിയിരുന്നു.