
അന്യായമായി കൂലി വാങ്ങുന്നില്ലെന്ന് ചുമട്ടുതൊഴിലാളികൾ
കൊല്ലം: കറിക്കാരെന്ന വ്യാജേന ഓൺലൈൻ മത്സ്യവിപണനക്കാർ ഹാർബറിൽ നിന്ന് വൻതോതിൽ മത്സ്യം വാങ്ങുന്നതായി കൊല്ലം തീരത്തെ ലാൻഡിംഗ് സെന്ററുകളിലെ ചുമട്ടുതൊഴിലാളികൾ. ഇത്തരക്കാരിൽ നിന്ന് നിയമപരമായ ചുമട്ടുകൂലിയാണ് വാങ്ങുന്നത്. അതേസമയം, മത്സ്യം വാങ്ങാനെത്തുന്നവരിൽ നിന്ന് അന്യായമായി കൂലി പിടിച്ചുവാങ്ങിയെന്ന ആരോപണം വസ്തുതാ വിരുദ്ധമാണെന്നും തൊഴിലാളികൾ പറഞ്ഞു.
കൊല്ലം തീരത്ത് ഇപ്പോൾ മത്സ്യലഭ്യത വളരെക്കുറവാണ്. തുടർച്ചയായി 24 മണിക്കൂർ ജോലി ചെയ്താലും തുച്ഛമായ വരുമാനമാണ് ലഭിക്കുന്നത്. തൊട്ടടുത്ത ദിവസം ജോലി ഉണ്ടാകില്ല. വൻകിട മത്സ്യവിപണനക്കാർ വീട്ടാവശ്യത്തിനെന്ന വ്യാജേന മത്സ്യം വാങ്ങിക്കൂട്ടുമ്പോൾ തങ്ങളുടെ തൊഴിൽ നിഷേധിക്കപ്പെടുകയാണെന്നും തൊഴിലാളികൾ പറഞ്ഞു.
വാഹനം കടത്തിവിടണം
എല്ലാ ലാൻഡിംഗ് സെന്ററുകളിലേക്കും വാഹനം കടത്തിവിടാൻ അധികൃതർ തയ്യാറാകണമെന്ന് ചുമട്ടുതൊഴിലാളികൾ ആവശ്യപ്പെടുന്നു. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വാടി ഹാർബറിൽ മാത്രമാണ് വാഹനങ്ങൾക്ക് പ്രവേശനമുള്ളത്. മറ്റ് ലാൻഡിംഗ് സെന്ററുകളുടെ പുറത്ത് മാത്രമേ വാഹനം ഇടാൻ അനുവാദമുള്ളു. ഇതുമൂലം കൂടുതൽ ദൂരം ഭാരം ചുമക്കേണ്ട സ്ഥിതിയാണ്. അഞ്ച് കിലോയിൽ കൂടുതലുള്ള മത്സ്യത്തിന്റെ ചുമട് മാത്രമേ ഏറ്റെടുക്കാറുള്ളു. അതിന് ഹാർബറിനുള്ളിലാണ് വാഹനമെങ്കിൽ കിലോയ്ക്ക് രണ്ട് രൂപയും പുറത്താണെങ്കിൽ മൂന്ന് രൂപയും മാത്രമാണ് കൂലിയായി വാങ്ങുന്നതെന്നും ചുമട്ട് തൊഴിലാളികൾ പറഞ്ഞു.