chenni

 ചെന്നിത്തലയ്‌ക്ക് കൊല്ലത്ത് ആവേശോജ്വല സ്വീകരണം

കൊല്ലം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയെ ആവേശ്വാജ്ജ്വലമായ സ്വീകരണത്തോടെ കൊല്ലം വരവേറ്റു. ജില്ലയിലെ പര്യടനത്തിന്റെ ആദ്യദിവസമായ ഇന്നലെ സ്വീകരണ കേന്ദ്രങ്ങളിൽ വൻ ജനപങ്കാളിത്തമാണ് ദൃശ്യമായത്.

സ്വീകരണ യോഗങ്ങളിൽ സംസ്ഥാന - കേന്ദ്ര സർക്കാരുകളെ രൂക്ഷമായ ഭാഷയിൽ പ്രതിപക്ഷ നേതാവ് വിമർശിച്ചു. സംവരണതത്വങ്ങൾ അട്ടിമറിച്ച് പിൻവാതിൽ നിയമനങ്ങൾ സംസ്ഥാനത്ത് നിർബാധം അരങ്ങേറുന്നതായി അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തെ തുടർന്ന് മുഖ്യമന്ത്രി മുട്ടുമടക്കിയെങ്കിലും ഇതുവരെ നിലപാട് മാറ്റിയിട്ടില്ല. അവസരം കിട്ടിയാൽ ഇനിയും സ്ഥിരപ്പെടുത്തുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഭരണഘടനയ്ക്കും സുപ്രീംകോടതി വിധികൾക്കും എതിരായ ഈ നിലപാട് യുവജനങ്ങളോടും പിന്നാക്ക വിഭാഗങ്ങളോടുമുള്ള വഞ്ചനയാണ്. പി.എസ്.സി സമരത്തെ യു.ഡി.എഫ് രാഷ്ട്രീയ അവസരമായി കാണുന്നില്ല. കേരളത്തിലെ ചെറുപ്പക്കാരുടെ പ്രശ്നമായതിനാൽ യൂത്ത് കോൺഗ്രസ് വിഷയത്തിൽ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലം കശുഅണ്ടി വ്യവസായത്തിന്റെ നാടാണ്. എന്നാൽ വാക്കുപാലിക്കാത്ത എൽ.ഡി.എഫ് സർക്കാർ ഈ വ്യവസായത്തെ തകർത്തു. 65 ശതമാനം ഫാക്ടറികളും ഇന്ന് അടഞ്ഞുകിടക്കുകയാണ്. ഫാക്ടറികൾ സർക്കാർ എറ്റെടുക്കമെന്ന് പറഞ്ഞ സമര നേതാവ് മന്ത്രിയായിട്ടും ഒന്നും ചെയ്തില്ല. യു.ഡി.എഫ് അധികാരത്തിലെത്തുന്നതോടെ ഈ വിഷയത്തിന് പരിഹാരം കാണുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ജില്ലാ അതിർത്തിയായ കല്ലുകടവിൽ ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ സ്വീകരിച്ചതോടെ ഐശ്വര്യ കേരള യാത്രയുടെ ജില്ലയിലെ പര്യടനത്തിന് തുടക്കമായി.
നൂറ് കണക്കിന് പ്രവർത്തകരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ തുറന്ന വാഹനത്തിൽ രമേശ് ചെന്നിത്തലയെ സമ്മേളന വേദിയിലേക്ക് ആനയിച്ചു.

യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ അദ്ധ്യക്ഷനായി. ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് സ്വീകരണയോഗം ഉദ്ഘാടനം ചെയ്തു. ബിന്ദു കൃഷ്ണ, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, എം.പിമാരായ എൻ.കെ പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, പിതാംബരകുറുപ്പ്, ഷിബു ബേബി ജോൺ, ജി പ്രതാപ വർമ്മ തമ്പാൻ, രാധാ മോഹൻ, കെ. അനിൽ, എം. ഷേക്ക് പരിത്, പള്ളിത്തോപ്പിൽ ഷിബു, ലത.സി.നായർ, അഡ്വ. സാജു ഖാൻ, ശരണ്യ മനോജ്, ജ്യോതികുമാർ ചാമക്കാല, ശൂരനാട് രാജശേഖരൻ, രതികുമാർ, ഫാറൂക്ക് മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന് പത്തനാപുരം, പുനലൂർ, കൊട്ടാരക്കര, ചടയമംഗലം എന്നിവിടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി പാരിപ്പള്ളിയിൽ അവസാനിച്ചു.

ആറ് മണ്ഡലങ്ങളിൽ ഇന്ന് പര്യടനം നടക്കും. കുണ്ടറ, ചക്കുവള്ളി, കരുനാഗപ്പള്ളി, ചവറ എന്നിവിടങ്ങളിലെത്തിയ ശേഷം വെെകിട്ട് ആറിന് കൊല്ലത്ത് സമാപന സമ്മേളനം നടക്കും. കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾക്കൊപ്പം മല്ലികാർജ്ജുന ഖാർഗെ, കെ.സി. വേണുഗോപാൽ എന്നിവരും കൊല്ലത്ത് സമാപന സമ്മേളനത്തിൽ പങ്കെടുക്കും.