as
ശസ്ത്രക്രിയ കഴിഞ്ഞ തെരുവുനായയ്ക്ക് മേയർ റോട്ടറി ക്ലബ് നൽകുന്ന റിഫ്ളക്ടീവ് കോളർ അണിയിക്കുന്നു

കൊല്ലം: നഗരത്തിൽ തെരുവുനായ്ക്കളെ അമർച്ച ചെയ്യാൻ തീവ്രയത്ന പരിപാടി ഇന്ന് മുതൽ ആരംഭിക്കുമെന്ന് മേയർ പ്രസന്ന ഏണസ്റ്റ് പറഞ്ഞു. നഗരത്തിലെ തെരുവുനായ ജനന നിയന്ത്രണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയർ.

കൊല്ലം കോർപ്പറേഷൻ പരിധിയിൽ 4200 ഓളം തെരുവുനായ്ക്കളുണ്ട്. വീടുകളിൽ വളർത്തുന്ന നായ്ക്കളുടെ എണ്ണത്തേക്കാൾ കൂടുതലാണിത്. ജനന നിയന്ത്രണ ശസ്ത്രക്രിയ തന്നെയാണ് നായ് പെരുപ്പം നിയന്ത്രിക്കുവാനുള്ള മാർഗം. കോർപ്പറേഷൻ പരിധിയിൽ ഇതിനായി പ്രത്യേക കേന്ദ്രങ്ങൾ സജ്ജമായി. ശസ്ത്രക്രിയ കഴിയുന്ന എല്ലാ നായ്ക്കൾക്കും റിഫ്ളകടീവ് കോളർ അണിയിക്കും. എട്ടോളം വെറ്ററിനറി സർജൻമാരേയും 32 ഡോഗ് ഹാൻഡ്ലർമാരെയും ഇതിനായി നിയമിച്ചു. ഒരുമാസം നീളുന്ന തീവ്രയത്ന പരിപാടിയിലൂടെ നായശല്യം നിയന്ത്രിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. റസിഡന്റ്സ് അസോസിയേഷനുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നും മേയർ പറഞ്ഞു. ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷ യു. പവിത്ര, എ.ബി.സി പദ്ധതി ജില്ലാ കോ ഓഡിനേറ്റർ ഡോ. ഡി. ഷൈൻ കുമാർ, വെറ്ററിനറി സർജൻ ഡോ. വി.അർ. മിനി ,റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ. ഷിബു രാജഗോപാൽ, നാഗേഷ് കുമാർ എന്നിവർ സംസാരിച്ചു.