
ചാത്തന്നൂർ: രാത്രിസമയത്ത് ഹെഡ് ലൈറ്റ് ഡിം ചെയ്യാതെ റോഡിലൂടെ ചീറിപ്പാഞ്ഞാൽ ഇനി പണി കിട്ടും. മോട്ടോർ വാഹനവകുപ്പ് ലക്സ് മീറ്ററുമായി നിരത്തിലുണ്ട്. അനുവദനീയമായതിൽ കൂടിയ തീവ്രതയിൽ ഹെഡ്‌ലൈറ്റിൽ നിന്ന് വെളിച്ചം പ്രസരിച്ചാൽ വാഹന ഉടമ ഫൈൻ അടയ്ക്കണം.
24 വാട്ട്സ് ബൾബ് ഉപയോഗിക്കാവുന്നിടത്ത് 70 മുതൽ 75 വാട്ട്സ് വരെയും 12 വാട്ട്സ് ബൾബ് ഘടിപ്പിക്കാൻ അനുമതിയുള്ളിടത്ത് 60 മുതൽ 65 വാട്ട്സ് വരെയും ഘടിപ്പിക്കുന്നത് കണ്ടെത്തിയിട്ടുണ്ട്.
ജനുവരിയിൽ ചിറക്കര സ്വദേശികളായ അഞ്ച് യുവാക്കൾ കല്ലമ്പലത്തിന് സമീപം ദേശീയപാതയിൽ വാഹനാപകടത്തിൽ മരിച്ചിരുന്നു. എതിരെ വന്ന വാഹനം ഹെഡ്ലൈറ്റ് ഡിം ചെയ്യാത്തതായിരുന്നു അപകട കാരണം.
ആഡംബര വാഹനങ്ങളിൽ ഹെഡ് ലൈറ്റിൽ നിന്നുള്ള വെളിച്ചം മുകളിലേയ്ക്ക് പരന്ന് എതിരെ വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്കും യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ ബീം റിസ്റ്റിക്ടറുകൾ ഘടിപ്പിച്ചിരുന്നെങ്കിലും മിക്ക വാഹഹനങ്ങളിലും ടെസ്റ്റ് കഴിഞ്ഞാൽ ഇവ ഇളക്കിമാറ്റുന്നതായിരുന്നു പതിവ്.