hospital

കൊല്ലം: ജില്ലാ ആശുപത്രിയുടെ സമഗ്ര വികസനത്തിന് സർക്കാർ കിഫ്ബി ഫണ്ടിൽ നിന്ന് 104 കോടി രൂപ അനുവദിച്ചു. പദ്ധതിയുടെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. മന്ത്രി കെ.കെ ശൈലജ അദ്ധ്യക്ഷയായി.
ആരോഗ്യമേഖലയിൽ നൂതന മാറ്റങ്ങളാണ് സാദ്ധ്യമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ജില്ലാ ആശുപത്രിയിൽ പുതിയ പദ്ധതികൾ വളരെ അത്യാവശ്യമുള്ളവയാണെന്നും നേരത്തെ തന്നെ തുടങ്ങിയെങ്കിലും നടപടിക്രമങ്ങളിൽ താമസം നേരിട്ടതായും മന്ത്രി പറഞ്ഞു. സാധാരണക്കാരായ രോഗികൾക്ക് മികച്ച നിലവാരമുള്ള ചികിത്സ ഉറപ്പുവരുത്താൻ കഴിയുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ പറഞ്ഞു. ജില്ലാ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ശിലാഫലകം അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
എം. മുകേഷ് എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ. ഡാനിയേൽ, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.ഗോപൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.പ്രസാദ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ. ശ്രീലത, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എസ്. ഹരികുമാർ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.ഡി. വസന്തദാസ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.വി. അജിത, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. മണികണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു.