navas
ശാസ്താംകോട്ടയിലെ കെ.എസ്.ആർ.ടി.സി ഗ്രൗണ്ടിൽ വികസന മുന്നേറ്റ ജാഥയ്ക്ക് വേദിയൊരുക്കുന്നു

ശാസ്താംകോട്ട: കെ.എസ്.ആർ.ടി.സി ഉപേക്ഷിച്ച കുന്നത്തൂരിലെ ഡിപ്പോയിൽ എൽ.ഡി.എഫിന്റെ വികസന മുന്നേറ്റ ജാഥയ്ക്ക് വേദിയൊരുക്കുന്നു. ഈ മാസം 23 ന് കുന്നത്തൂരിലെത്തുന്ന വികസന മുന്നേറ്റ ജാഥയുടെ തെക്കൻ മേഖലാ ജാഥയെ സ്വീകരിക്കാനാണ് പടുകൂറ്റൻ വേദിയൊരുക്കുന്നത്. ശാസ്താംകോട്ടയിലെ കെ.എസ് .ആർ.ടി.സിയുടെ ഓപ്പറേറ്റിംഗ് സെന്റർ നിറുത്തലാക്കിയതോടെ ആ സ്ഥലത്ത് സ്വകാര്യ വാഹനങ്ങൾ പാർക്കിംഗിനായി ഉപയോഗിക്കുന്ന സ്ഥലത്താണ് എൽ.ഡി.എഫ് വേദിയൊരുക്കുന്നത്.

കുന്നത്തൂരിനോടുള്ള അവഗണന

മാറി മാറി കേരളം ഭരിച്ച സർക്കാരുകളുടെ കുന്നത്തൂരിനോടുള്ള അവഗണനയുടെ പ്രതീകമാണ് കെ.എസ് .ആർ.ടി.സി ഡിപ്പോയും പരിസരവും. കുന്നത്തൂരിൽ ഡിപ്പോ തുടങ്ങുന്നതിന് വേണ്ടി പതിറ്റാണ്ടുകൾക്കു മുമ്പ് ശാസ്താംകോട്ടയിലെ മാർക്കറ്റ് പ്രവർത്തിച്ചിരുന്ന ഭാഗം ഒഴിപ്പിച്ച് കെ.എസ്.ആർ .ടി.സി ഡിപ്പോയ്ക്ക് നൽകുകയായിരുന്നു. നിരവധി സമരങ്ങൾക്കൊടുവിൽ ഓപ്പറേറ്റിംഗ് ഉദ്ഘാടനം ചെയ്യാൻ അന്നത്തെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ ഗതാഗത മന്ത്രിയായിരുന്ന ശക്തൻ നാടാർ എത്തുകയും ഉദ്ഘാടന വേദിയിൽ ഡിപ്പോയായി പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷേ തുടർനടപടികൾ ഉണ്ടായില്ല. ഡിപ്പോയുടെ പ്രവർത്തനത്തിന് ഗാരേജ് നിർമ്മിക്കുന്നതിന് താലൂക്കിലെ പഞ്ചായത്തുകളുടെ ഫണ്ടുകൾ ചെലവിട്ട് ഒരേക്കറിലധികം സ്ഥലം വാങ്ങി നൽകിയെങ്കിലും അധികാരികൾ കനിയാതെ വന്നതോടെ ശാസ്താംകോട്ടയിലെ ഡിപ്പോ എന്ന കുന്നത്തൂരുകാരുടെ സ്വപ്നം പൊലിയുകയായിരുന്നു.