chennithala

കൊല്ലം: കേരളത്തിൽ ആഴക്കടൽ മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനിയുമായി സംസ്ഥാന സർക്കാരുണ്ടാക്കിയ കരാറിലൂടെ 5,000 കോടിയുടെ അഴിമതി നടത്തിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഐശ്വര്യകേരള യാത്രയുടെ ഭാഗമായി കൊല്ലം ബീച്ച് ഹോട്ടലിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മയുടെ നേതൃത്വത്തിൽ ന്യൂയോർക്കിൽ നടന്ന ചർച്ചയെത്തുടർന്ന് കൊച്ചിയിൽ നടത്തിയ ഗ്ലോബൽ ഇൻവെസ്റ്റേഴ്‌സ് മീറ്റിൽ ധാരണാപത്രം ഒപ്പിട്ടു. അനുബന്ധ കരാറുകളിൽ കമ്പനിയും സർക്കാരും കഴിഞ്ഞ ഞായറാഴ്ചയാണ് ഏർപ്പെട്ടത്. മന്ത്രി ഇ.പി. ജയരാജനും അഴിമതിയിൽ പങ്കുണ്ട്. മുൻ ചീഫ് സെക്രട്ടറി ടോം ജോസിനും കരാറിനെക്കുറിച്ചറിയാമെന്നും ചെന്നിത്തല വെളിപ്പെടുത്തി.

ഇ.എം.സി.സി ഇന്റർനാഷണൽ എന്ന അമേരിക്കൻ കുത്തക കമ്പനിയുടെ ഉപസ്ഥാപനമായ ഇ.എം.സി.സി ഇന്റർനാഷണൽ (ഇന്ത്യ) എന്ന കമ്പനിയുമായാണ് കരാറിലേർപ്പെട്ടത്. രണ്ടു കോടി വീതം വിലവരുന്ന 400 അത്യാധുനിക ആഴക്കടൽ ട്രോളറുകളും 74 കോടിയുടെ അഞ്ച് മാതൃകപ്പലുകളും വാങ്ങും. ട്രോളറുകൾക്ക് അടുക്കാൻ സംസ്ഥാനത്തെ ഹാർബറുകളിൽ സൗകര്യമില്ലാത്തതിനാൽ ഹാർബറുകൾ വികസിപ്പിക്കും. ഇത്തരത്തിൽ പിടിക്കുന്ന മത്സ്യം കേരളത്തിൽ സംസ്കരിക്കുമെന്നാണ് വാഗ്ദാനം. ഇതിന് നാലേക്കർ സ്ഥലം കമ്പനി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌പ്രിംഗ്ളർ, ഇ മൊബിലിറ്റി എന്നിവയെക്കാൾ ഗുരുതരമായ ഗൂഢാലോചനയാണ് നടന്നത്. കരാർ ഒപ്പിടും മുൻപ് ഭരണമുന്നണിയിലോ ,പ്രതിപക്ഷവുമായോ, മത്സ്യബന്ധന മേഖലയിലെ സംഘടനകളുമായോ ചർച്ച നടത്തിയില്ല. അടിത്തട്ടിളക്കിയുള്ള മത്സ്യബന്ധനത്തിലൂടെ രണ്ടോ മൂന്നോ വർഷം കൊണ്ട് തീരത്തെ മത്സ്യസമ്പത്ത് നശിക്കും. മത്സ്യത്തൊഴിലാളികളുടെ ഉപജീവനം തകർക്കുന്ന പദ്ധതി ഉപേക്ഷിക്കണമെന്നും, അഴിമതിയെപ്പറ്റി അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ആരോപണങ്ങൾ

 മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ 2018ൽ ന്യൂയോർക്കിൽ ഇ.എം.സി.സി പ്രതിനിധികളുമായി ആദ്യഘട്ട ചർച്ച നടത്തി
 പദ്ധതി നടപ്പാക്കുന്നതിന് 2019 ജനുവരി 14ന് പുതിയ മത്സ്യനയം പ്രഖ്യാപിച്ചു. ഇതിൽ ഖണ്ഡിക 2.9 പ്രകാരമാണ് ധാരണാപത്രത്തിൽ ഒപ്പിട്ടതെന്ന് ഇ.എം.സി.സി മന്ത്രി ഇ.പി. ജയരാജനെ കത്തിലൂടെ

അറിയിച്ചു
 2020ൽ കൊച്ചിയിൽ നടന്ന അസെൻഡിലേക്ക് കമ്പനിയെ ക്ഷണിക്കുകയും ധാരണാപത്രത്തിൽ ഒപ്പിടുകയും ചെയ്തു
 രണ്ടു വർഷം മുൻപ് മാത്രം രൂപീകരിച്ച ഉപകമ്പനിക്ക് പത്തു ലക്ഷമാണ് മൂലധനം

ആരോപണം അസംബന്ധം:

മന്ത്രി മേഴ്‌സിക്കുട്ടിഅമ്മ

ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങൾ അസംബന്ധമാണെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ അറിയിച്ചു. താൻ ന്യൂയോർക്കിൽ പോയത് യുണൈറ്റഡ് നേഷന്റെ വിദ്യാഭ്യാസ പരിപാടിയിൽ പങ്കെടുക്കാനാണ്. വിദേശ ട്രോളറുകളെ കേരള തീരത്തെ മത്സ്യബന്ധനത്തിൽ നിന്ന് അകറ്റുകയെന്നതാണ് സംസ്ഥാന മത്സ്യനയത്തിന്റെ കാതൽ. ഫിഷറീസ് വകുപ്പിന് മുൻപാകെ ഇങ്ങനെയൊരു പദ്ധതി വരുകയോ അംഗീകാരം നൽകുകയോ ഏതെങ്കിലും കമ്പനികളുമായി കരാറിലേർപ്പെടുകയോ ചെയ്തിട്ടില്ല.

വ്യവസായ വകുപ്പ് ഏതെങ്കിലും കരാറിലേർപ്പെട്ടിട്ടുണ്ടോയെന്ന് അറിയില്ല. മത്സ്യത്തൊഴിലാളികൾക്ക് ദോഷകരമാവുന്ന ഒരു നടപടിക്കും സർക്കാർ കൂട്ടുനിൽക്കില്ലെന്നും മന്ത്രി അറിയിച്ചു.