shahida
വനിതാകമ്മിഷനംഗം ഷാഹിദാ കമാൽ രണ്ടരവയസുകാരി ഇസയ്ക്ക് ശ്രവണസഹായി വച്ചുനൽകുന്നു

കൊല്ലം: ജന്മനാൽ കേൾവിശക്തിക്കുറവുള്ള രണ്ടരവയസുകാരി ഇസയ്ക്ക് ശ്രവണസഹായി വാങ്ങിനൽകി ജീവകാരുണ്യപ്രവർത്തകർ. അഞ്ചാലുംമൂട് സ്വദേശികളായ രാജേഷ് തെങ്ങിലഴികത്ത്, ശരത് ലാൽ, രാജേഷ് തൃക്കാട്ടിൽ, ആരോഗ്യപ്രവർത്തകരായ അജയമോൾ, ജെ.എം. നാസറുദ്ദീൻ, ആശാവർക്കാർ പ്രീത എന്നിവരാണ് ഇസയെ ശബ്ദത്തിന്റെ മാധുര്യമറിയിക്കാൻ കരുതലിന്റെ കരങ്ങളായത്.

34,000 രൂപയോളം ചെലവഴിച്ചാണ് ശ്രവണസഹായി വാങ്ങിയത്. അഞ്ചാലുംമൂട് പ്രസ് സെന്റർ ഹാളിൽ നടന്ന ചടങ്ങിൽ വനിതാകമ്മിഷൻ അംഗം ഷാഹിദാ കമാൽ ഇസയ്ക്ക് ശ്രവണസഹായി വച്ചുനൽകി. തൃക്കടവൂർ, മതിലിൽ, തുപ്പശ്ശേരിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അഭി, ജിസ ദമ്പതികളുടെ ഏകമകളാണ് ഇസ. കേൾവിക്കുറവുണ്ടെന്നുള്ളതൊഴിച്ചാൽ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇസയ്ക്കില്ല.

ശ്രവണസഹായി വാങ്ങിനൽകാൻ നിർദ്ധന കുടുംബത്തിന് സാധിക്കില്ലെന്ന് മനസിലായതോടെയാണ് രാജേഷ് തെങ്ങിലഴികത്ത് മുന്നിട്ടിറങ്ങിയത്. മറ്റുള്ളവർ ഒപ്പം കൂടിയതോടെ പ്രവർത്തനം വേഗത്തിലായി.