
കൊല്ലം: നഗരത്തിലെ പട്ടികജാതി കോളനികളിലെ പ്രശ്നങ്ങൾ പഠിക്കാൻ നഗരസഭ വിദഗ്ദ്ധ സമിതിയെ നിയോഗിക്കുന്നു. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വികസന, ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കുകയാണ് ലക്ഷ്യം.
നഗരത്തിൽ 119 പട്ടികജാതി കോളനികളുണ്ടെന്നാണ് കണക്ക്. പുതുതായി രൂപപ്പെട്ട കോളനികളുടെ കൂടി വിവരങ്ങൾ ശേഖരിച്ച ശേഷമാകും സമിതിയുടെ സന്ദർശനവും വിവരശേഖരണവും. ഓരോ കുടുംബത്തെയും നേരിൽക്കണ്ടാകും പ്രശ്നങ്ങൾ മനസിലാക്കുക.
കുടിവെള്ള ക്ഷാമമാണ് പല കോളനികളിലെയും പ്രധാനപ്പെട്ട പ്രശ്നം. തകർന്ന ശുചിമുറികൾ, വീടുകളുടെ തകർച്ച, മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ അപര്യാപ്തത തുടങ്ങിയവയാണ് മറ്റ് അടിസ്ഥാന പ്രശ്നങ്ങൾ. ഇതിനുപുറമേ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ആരോഗ്യ പ്രശ്നങ്ങൾ, പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരുന്ന വിദ്യാർത്ഥികൾ, തൊഴിലില്ലായ്മ, വിവിധ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള രേഖകളുടെ അപര്യാപ്തത തുടങ്ങിയ സാമൂഹ്യ പ്രശ്നങ്ങളും പരിശോധിക്കും.
 '' വിദഗ്ദ്ധ സമിതിയെ വൈകാതെ നിശ്ചയിക്കും. ഈ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും വികസന ക്ഷേമ പ്രവർത്തനങ്ങൾ ആവിഷ്കരിക്കുക.''
എസ്. ജയൻ (ചെയർമാൻ, നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി)