 
കൊല്ലം: മുതലാളിത്ത, കോർപ്പറേറ്റ് ഭരണമാണ് പിണറായി നടത്തുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഐശ്വര്യ കേരള യാത്രയ്ക്ക് കൊല്ലം പീരങ്കി മൈതാനത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമ്മ്യൂണിസ്റ്റ് ആശയങ്ങളെല്ലാം കുഴിച്ചുമൂടിയാണ് പിണറായി വിജയൻ മുന്നോട്ടുപോകുന്നത്. കോർപ്പറേറ്റ് ശക്തികൾ, വൻകിട മുതലാളിമാർ, വിദേശ ഭീമൻമാർ എന്നിവരുമായാണ് ചങ്ങാത്തം. വൻകിട മുതലാളിമാർക്ക് വേണ്ടിയാണ് പദ്ധതികൾ നടപ്പാക്കുന്നത്. നാളിതുവരെയുള്ള ഒരു കമ്മ്യൂണിസ്റ്റ് സർക്കാരും ചെയ്യാത്ത നിലയിൽ ഏഴ് മാവോയിസ്റ്റുകളെ വെടിവച്ചുകൊന്നു. യു.എ.പി.എയ്ക്കെതിരെ സമരംചെയ്ത പിണറായി രണ്ട് യുവാക്കളെ അതേ കരിനിയമം ചുമത്തി ജയിലിൽ അടച്ചു.
സ്‌പ്രിംഗ്ലർ, സ്വർണക്കടത്ത്, ഡോളർ കടത്ത് ഏറ്റവും ഒടുവിൽ കടലും മുതലാളിമാർക്ക് തീറെഴുതി കൊടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഉദ്യോഗാർത്ഥികൾ തൊഴിലിന് വേണ്ടി തെരുവിൽ പട്ടിണി കിടക്കുമ്പോൾ നേതാക്കളുടെ ഭാര്യമാർക്കും മക്കൾക്കും പിൻവാതിലിലൂടെ നിയമനം നൽകുകയാണെന്നും ചെന്നിത്തല പറഞ്ഞു.