കരുനാഗപ്പള്ളി: ലാലാജി ജംഗ്ഷൻ - പണിക്കർകടവ് റോഡിൽ തഴത്തോടുകൾക്ക് മീതേ നിർമ്മിച്ചിട്ടുള്ള പാലങ്ങൾ തകർച്ചയിൽ. കരുനാഗപ്പള്ളി നഗരസഭയുടെ പരിധിയിൽ ഒന്നും രണ്ടും മൂന്നും തഴത്തോടുകൾക്ക് മീതേ ആറ് പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമ്മിച്ച ചെറിയ പാലങ്ങളാണ് അപകടം ക്ഷണിച്ചു വരുത്തുന്ന തരത്തിൽ നില കൊള്ളുന്നത്. പാലങ്ങളുടെ കൈവരികൾ തകർന്നിരിക്കുകയാണ്. പാലത്തിന്റെ അടിഭാഗത്തുള്ള കോൺക്രീറ്റുകൾ ഇളകി കമ്പികൾ പുറത്തേക്ക് തള്ളി നിൽക്കുകയാണ്.
ഭാരം താങ്ങാനാവാതെ
കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് അഴീക്കൽ ഭാഗത്തേക്ക് ചെയിൻ സർവീസ് നടത്തുന്നത് ഈ റോഡ് മാർഗമാണ്. നൂറുകണക്കിന് ചെറുതും വലുതുമായ വാഹനങ്ങളാണ് ദിനംപ്രതി ഇതുവഴി കടന്നുപോകുന്നത്. ചവറ ഐ.ആർ.ഇ കമ്പനിയുടെ മൈനിംഗ് ഏരിയയിൽ നിന്ന് കരിമണൽ കയറ്റി വരുന്ന ലോറികളും ഈ പാലങ്ങളിലൂടെയാണ് ദേശീയപാതയിലേക്ക് പ്രവേശിക്കുന്നത്. ടൺ കണക്കിന് ഭാരമുള്ള സാധനങ്ങളുമായി കടന്നുപോകുന്ന വാഹനങ്ങളെ താങ്ങാനുള്ള കെൽപ്പ് പാലത്തിനില്ലെന്ന് യാത്രക്കാർ പറയുന്നു. കാർഷിക ആവശ്യങ്ങൾക്ക് വേണ്ടി നിർമ്മിച്ച തഴത്തോടുകൾക്ക് മീതേ ചെറിയ പാലങ്ങളാണ് പണ്ട് നിർമ്മിച്ചിരുന്നത്. കൃഷി ആവശ്യത്തിനുള്ള സാധനങ്ങളാണ് പ്രധാനമായും റോഡ് മാർഗം കൊണ്ട് വന്നിരുന്നത്.
നടപടിയെടുക്കാതെ അധികൃതർ
പാലത്തിന്റെ ദുരവസ്ഥ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അധികൃതർ ഒരു നടപടിയും കൈക്കൊള്ളുന്നില്ലെന്നാണ് നാട്ടുകാർക്ക് ആക്ഷേപം. കരുനാഗപ്പള്ളി ടൗണിൽ നിന്ന് 200 മീറ്ററോളം പടിഞ്ഞാറ് മാറിയാണ് ഒന്നാം തഴത്തോടിന് മീതേയുള്ള പാലം സ്ഥിതി ചെയ്യുന്നത്. ടൗണിൽ ഗതാഗതക്കുരുക്കുണ്ടായാൽ വാഹനങ്ങൾ വഴിതിരിച്ച് വിടുന്നത് ലാലാജി റോഡിലൂടെയാണ്. തറയിൽ ജംഗ്ഷനിലെന്നുന്ന വാഹനങ്ങൾ വടക്കോട്ട് തിരിഞ്ഞ് പോയാൽ കരുനാഗപ്പള്ളി മിനി സിവിൽ സ്റ്റേഷന് സമീപത്തെത്തി ദേശീയ പാതയിലേക്ക് പ്രവേശിക്കാം. ഇത്രത്തോളം പ്രാധാന്യമുള്ള റോഡിലാണ് ജീർണാവസ്ഥയിലായ പാലങ്ങൾ സ്ഥിതി ചെയ്യുന്നത്.
അപകടങ്ങളുണ്ടാവുന്നതിന് മുൻപ് പാലം പൊളിച്ച് പുതിയത് നിർമ്മിക്കുന്നതിനുള്ള നടപടി അധികൃതർ കൈക്കൊള്ളണം.
ഡിവിഷൻ കൗൺസിലർ