road

 ഒരുമാസത്തിനുള്ളിൽ നഷ്ടപരിഹാര വിതരണം

കൊല്ലം: ദേശീയപാത 66 ആറുവരിയാക്കാൻ ഏറ്റെടുക്കുന്ന ഭൂമിയുടെ വിലനിർണയം അന്തിമഘട്ടത്തിലേക്ക് കടന്നു. നടപടികൾ പൂർത്തിയായ ഓച്ചിറ, കുലശേഖരപുരം, ആദിനാട് വില്ലേജുകളിലെ നഷ്ടപരിഹാര വിതരണം ഒരുമാസത്തിനുള്ളിൽ ആരംഭിച്ചേക്കും. ഇതിനുള്ള പണം ദേശീയപാത സ്ഥലം ഏറ്റെടുക്കൽ വിഭാഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

സ്ഥലം ഏറ്റെടുത്തുള്ള രണ്ട് വിജ്ഞാപനങ്ങളിൽ വിട്ടുപോയ സർവേ നമ്പരുകൾ ഉൾപ്പെടുത്തിയുള്ള പുതിയ ത്രി ഡി വിജ്ഞാപനം അടുത്തിടെ ഇറക്കിയിരുന്നു. ഈ വി‌ജ്ഞാപനത്തിലേത് ഉൾപ്പെടെ ചുരുക്കം സർവേ നമ്പരുകളിലെ വില നിർണയം മാത്രമാണ് ഇനി പൂർത്തിയാകാനുള്ളത്. ഇത് ഒന്നര മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് കണക്കുകൂട്ടൽ. ഏറ്റെടുക്കുന്ന ഭൂമിയിൽ ഉൾപ്പെടുന്ന കെട്ടിടങ്ങളുടെയും വൃക്ഷങ്ങളുടെയും വിളകളുടെയും വിലനിർണയം സ്വകാര്യ ഏജൻസിയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

 ഓച്ചിറ മുതൽ കടമ്പാട്ടുകോണം വരെ 56.03 കിലോമീറ്റർ

 ഭൂമി ഏറ്റെടുക്കുന്നത്: 22.05 മീറ്റർ (മദ്ധ്യരേഖയിൽ നിന്ന് ഇരുവശത്തേക്കും)

 ഏകദേശ ചെലവ്: 600 കോടി

 ഏറ്റെടുക്കുന്നത്: 45.50 ഹെക്ടർ ഭൂമി

 നഷ്ടപരിഹാരം നൽകിയാലുടൻ നിർമ്മാണം

ദേശീയപാത വികസനത്തിന്റെ ജില്ലയിൽ ഉൾപ്പെടുന്ന രണ്ട് റീച്ചുകളുടെ ടെണ്ടർ നടപടികൾ പുരോഗമിക്കുകയാണ്. ജില്ലയിലെ കൊച്ചുകുളങ്ങര മുതൽ കാവനാട് വരെയുള്ള 31.05 കിലോമീറ്റർ ദൂരമാണ് ആദ്യ റീച്ച്. കാവനാട് മുതൽ കടമ്പാട്ടുകോണം വരെ 31.25 കിലോമീറ്റർ നീളത്തിലാണ് രണ്ടാമത്തെ റീച്ച്. ഈ രണ്ട് റീച്ചുകളും ആറ് വരിയാക്കാൻ 2468.15 കോടിയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിരിക്കുന്നത്.

 ആദ്യ റീച്ച്:

ആലപ്പുഴ കൊച്ചുകുളങ്ങര - കാവനാട്: 31.5 കിലോമീറ്റർ

എസ്റ്റിമേറ്റ് തുക: 1185.27 കോടി

 രണ്ടാം റീച്ച്

കാവനാട് - കടമ്പാട്ടുകോണം: 31.25 കിലോമീറ്റർ

എസ്റ്റിമേറ്റ് തുക: 1282.88 കോടി